Wednesday, June 24, 2026

ആക്രമണ ഭീഷണി: മുസ്ലിം ആരാധനാലയങ്ങള്‍ക്ക് ചുറ്റും പട്രോളിങ് ശക്തമാക്കി റെജൈന പോലീസ്

റെജൈന: മുസ്ലീം സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ ഉയര്‍ന്നുവന്ന ഭീഷണികളെത്തുടര്‍ന്ന് റെജൈന നഗരത്തില്‍ പൊലീസ് സുരക്ഷയും പട്രോളിങും ശക്തമാക്കി. കഴിഞ്ഞ ജൂണ്‍ 19ന് നഗര മധ്യത്തിലുള്ള റെജൈന സിറ്റി ജാമിയ മസ്ജിദില്‍ നിന്ന് ആദ്യമായി ഉച്ചഭാഷിണിയിലൂടെ പരസ്യമായി ബാങ്ക് വിളി ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. സംഭവത്തെക്കുറിച്ച് റെജൈന പൊലീസ് സര്‍വീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ബാങ്ക് വിളിയാണ് മസ്ജിദ് അധികൃതര്‍ റൂഫ്ടോപ്പ് സ്പീക്കറിലൂടെ പുറത്തുവിട്ടത്. ക്രിസ്ത്യന്‍ പള്ളികളില്‍ മണി മുഴക്കുന്നതിന് സമാനമായ ഒരു ആചാരമാണിതെന്ന് മസ്ജിദ് നടത്തുന്ന അല്‍-ബാഖി ഫൗണ്ടേഷന്‍ ഡയറക്ടര്‍ എം. അനിസുര്‍ റഹ്‌മാന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ, ഫോണ്‍ കോളുകള്‍ എന്നിവയിലൂടെ കടുത്ത ഭീഷണി സന്ദേശങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ ഇതിനകം തന്നെ മുസ്ലിം കുട്ടികള്‍ ഇസ്ലാമോഫോബിയ (ഇസ്ലാം ഭീതി) നേരിടുന്നുണ്ടെന്നും പുതിയ ഭീഷണികള്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് വിളിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിന് പിന്നിലെന്നും, ആരോടും ശത്രുത പുലര്‍ത്താനോ ആരെയും ബുദ്ധിമുട്ടിക്കാനോ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഭീഷണി സന്ദേശങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്ന പുതിയ കനേഡിയന്‍ നിയമപ്രകാരം ഇതിന്മേല്‍ അന്വേഷണം നടത്തുമെന്നും റെജൈന പൊലീസ് ചീഫ് ലോറിലി ഡേവിസ് അറിയിച്ചു. കാനഡയില്‍ കഴിഞ്ഞയാഴ്ചയാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പുതിയ നിയമം (‘Combatting Hate Act’) പാസാക്കിയത്. ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിയമപ്രകാരം ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്.

റെജൈന പൊലീസിന്റെ കൃത്യമായ അനുമതിയോടെയാണ് മസ്ജിദില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതെന്നും, ശബ്ദം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ തയ്യാറാണെന്നും നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുമെന്നും മസ്ജിദ് അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!