ഓട്ടവ: കഴിഞ്ഞ തിങ്കളാഴ്ച മണ്‍ട്രിയോളില്‍ ഒരു പൊലീസുകാരനെ ഉള്‍പ്പെടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ആക്രമിക്ക് സമൂഹത്തോടുള്ള കടുത്ത വിദ്വേഷം കാണിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തി. 104 പേജുള്ള കുറിപ്പുകള്‍ സുരക്ഷാ ഏജന്‍സികളാണ് കണ്ടെടുത്തത്. കാനഡയിലെ ആല്‍ബര്‍ട്ട സ്വദേശിയായ ഇരുപത്തിയഞ്ചുകാരന് സെത്ത് സ്കോട്ട് ഹാറ്റ്ഫീല്‍ഡ് (Seth Scott Hatfield) ആണ് പ്രതി. പ്രതി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നാണ് സ്ത്രീവിരുദ്ധതയും പൊലീസിനെതിരെയുള്ള അക്രമ ആഹ്വാനങ്ങളും നിറഞ്ഞ രേഖ കണ്ടെത്തിയത്. മറ്റുള്ളവര്‍ ആയുധമെടുക്കണമെന്നും ശത്രുക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ കുറിപ്പുകള്‍ അവസാനിക്കുന്നത്.
ലേഖന രൂപത്തില്‍ വിദേശ സ്രോതസ്സുകളെ ഉദ്ധരിച്ച് എഴുതിയിരിക്കുന്ന ഈ രേഖയില്‍ പാശ്ചാത്യ ലോകത്തിന്റെ നിലവിലെ അവസ്ഥയെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. പ്രധാനമായും സ്ത്രീകളോടുള്ള കടുത്ത വിദ്വേഷവും ‘ഇന്‍സെല്‍’ (Incel – Involuntarily Celibate / ആഗ്രഹമുണ്ടായിട്ടും പങ്കാളിയെ ലഭിക്കാത്ത പുരുഷന്മാരുടെ കൂട്ടായ്മ) പ്രത്യയശാസ്ത്രവുമാണ് ഇതില്‍ നിറഞ്ഞുനില്ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നും അവര്‍ക്ക് പകരം റോബോട്ടുകളെ ജോലിക്ക് വെക്കണമെന്നുമുള്ള വിചിത്രമായ വാദങ്ങള്‍ ഇയാള്‍ ഉന്നയിക്കുന്നു. ഇത്തരക്കാരുടെ ഉള്ളിലെ കടുത്ത നിരാശയും സ്ത്രീകളോടുള്ള വിദ്വേഷവുമാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചതെന്ന് ക്രിമിനോളജി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ സമൂഹത്തിലെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ധനിക വര്‍ഗത്തെയും (Bourgeois), ക്രിസ്തുമത വിശ്വാസ പ്രചാരകരെയും, ക്രിപ്റ്റോകറന്‍സി ഇടപാടുകാരെയും ഇയാള്‍ കുറിപ്പുകളില്‍ ശക്തമായി അപലപിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയിലെ ഒറ്റപ്പെടലിന് കാരണം വീഡിയോ ഗെയിമുകളും പോണോഗ്രാഫിയുമാണെന്ന് കുറ്റപ്പെടുത്തുന്ന തോക്കുധാരി, തനിക്കൊപ്പം ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അവകാശപ്പെടുന്നു.
മുതലാളിത്ത വിരുദ്ധ ചിന്താഗതിയും രൂപഭംഗി കുറഞ്ഞ വെളുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാര്ക്ക് ജനാധിപത്യ സമൂഹം അനീതിയാണ് നല്‍കുന്നത് എന്ന ചിന്തയുമാണ് ഈ കൊലയാളി വെച്ചുപുലര്‍ത്തിയിരുന്നത്. വന്‍കിട റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജുകള്‍, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍, സയണിസ്റ്റ് അനുകൂലികള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സി.ഇ.ഒമാര്‍, പ്ലാസ്റ്റിക് സര്ജന്മാര്, കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവര്‍ എന്നിവരെയെല്ലാം ഇയാള്‍ പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നു. ഇതിനൊപ്പം പൊലീസിനെ എങ്ങനെ നേരിടണമെന്നും അവരുടെ പിടിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്നും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആര്.സി.എം.പി (RCMP) ഉദ്യോഗസ്ഥരും മുന്‍ ഓട്ടവ പൊലീസ് മേധാവികളും സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
