ഒന്റാരിയോ: നഗരത്തിലെ പൊതു ഫയര്‍ ഹൈഡ്രന്റുകളില്‍ (തീപിടുത്തമുണ്ടാകുമ്പോള്‍ വെള്ളമെടുക്കാന്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനം) നിന്ന് നിയമവിരുദ്ധമായി വന്‍തോതില്‍ വെള്ളം മോഷ്ടിച്ച സംഭവത്തില്‍ കിങ്സ്റ്റണ്‍ സ്വദേശിയായ നാല്പ്പതിനാലുകാരനെ ഗാനാനോക്വെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളം കടത്താന്‍ ഉപയോഗിച്ച വാണിജ്യ വാഹനം പൊലീസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പൊതുജനാവശ്യത്തിനായുള്ള സംവിധാനത്തില്‍ നിന്ന് വാട്ടര്‍ കമ്പനിയുടെ ട്രക്ക് ഉപയോഗിച്ചായിരുന്നു ഇയാള്‍ വെള്ളം കടത്തിയത്.
കഴിഞ്ഞ ജൂണ്‍ 4, 5 തീയതികളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈഡ്രന്റുകളില്‍ നിന്ന് ഒരു സ്വകാര്യ വാട്ടര്‍ കമ്പനി അനുമതിയില്ലാതെ വെള്ളം മോഷ്ടിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. ജൂണ്‍ 13ന് ഒരു ഹൈഡ്രന്റില്‍ നിന്ന് അസ്വാഭാവികമായ രീതിയില്‍ വെള്ളം വലിയതോതില്‍ വലിച്ചെടുക്കുന്നതായി പൊതുമരാമത്ത് പൊതുഉപയോഗ വിഭാഗം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാട്ടര്‍ ട്രക്കും അതിന്റെ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. 5000 ഡോളറില്‍ താഴെ മൂല്യമുള്ള പൊതുമുതല്‍ മോഷ്ടിച്ചതിന് രണ്ട് കേസുകളും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വസ്തു കൈവശം വെച്ചതിന് ഒരു കേസും ഉള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
