Friday, June 26, 2026

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; ധർമേന്ദ്ര പ്രധാനെയും ഹർദീപ് സിംഗ് പുരിയേയും പുറത്താക്കാൻ സാധ്യത

ഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിയേറിയത്.

മൂന്നാം മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ മന്ത്രിസഭയുടെ പ്രവർത്തനം വിലയിരുത്തി ചില വകുപ്പുകളിലും മന്ത്രിമാരിലും മാറ്റം വരുത്താനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഭരണപരമായ വിലയിരുത്തലുകളും ഈ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, മനോഹർ ലാൽ ഖട്ടറിന്റെ ചുമതലകളിലും മാറ്റമുണ്ടാകുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പുതിയ മുഖങ്ങളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ, രാജ്യസഭാംഗങ്ങളായ രാഘവ് ചദ്ദ, അശോക് മിത്തൽ, ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ രാജ്യസഭാംഗം സുഖേന്ദു ശേഖർ റോയ് എന്നിവരുടെ പേരുകൾ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എൻഡിഎയുടെ രാഷ്ട്രീയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ രാഷ്ട്രീയ പിന്തുണ മന്ത്രിസഭയിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ. എന്നാൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചോ സാധ്യതാ പട്ടികയിൽ ഉൾപ്പെടുന്ന പേരുകളെക്കുറിച്ചോ കേന്ദ്ര സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!