ഓട്ടവ: കാനഡ വ്യത്യസ്ത കമ്പനികളുടെ യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് ഉപയോഗിച്ചാലും (mixed fleet) അത് വടക്കേ അമേരിക്കന്‍ വ്യോമ പ്രതിരോധ സഖ്യമായ നോറാഡിന്റെ (NORAD) നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് യു.എസ് അംബാസഡര്‍ പീറ്റ് ഹൂക്ക്‌സ്ട്ര വ്യക്തമാക്കി. ‘ഒരു തീരുമാനം കൊണ്ടൊന്നും നോറാഡ് തകരില്ല,’ ഹൂക്ക്‌സ്ട്ര പറഞ്ഞു. അമേരിക്കയുടെയും വടക്കേ അമേരിക്കന്‍ മേഖലയുടെ സുരക്ഷയ്ക്ക് ആവശ്യമായ മൊത്തത്തിലുള്ള പ്രതിരോധ ശേഷിയാണ് തങ്ങള്‍ എപ്പോഴും നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡ എഫ്-35 വിമാനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ നോറാഡ് സഖ്യം തന്നെ അപകടത്തിലാകുമെന്ന് ഒരു വര്‍ഷം മുന്‍പ് പറഞ്ഞ ഹൂക്ക്‌സ്ട്രയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. എന്നാല്‍, കാനഡ വാങ്ങുന്ന വിമാനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അതൊരു പ്രശ്‌നമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 88 എഫ്-35 വിമാനങ്ങള്‍ വാങ്ങാന്‍ 2023-ല്‍ കാനഡ കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ കരാര്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ പുനരവലോകനത്തിലാണ്. ഇതിനിടെ സ്വീഡിഷ് കമ്പനിയായ സാബ് (Saab) തങ്ങളുടെ ‘ഗ്രിപ്പന്‍’ (Gripen) വിമാനങ്ങള്‍ കാനഡയില്‍ തന്നെ നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പ്രാരംഭ ലക്ഷ്യമായ 88 വിമാനങ്ങളിലും കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മിശ്ര വ്യൂഹം (mixed fleet) കാനഡ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി ഈ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

അതേസമയം, കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയാല്‍ അതിന് ആവശ്യമായ പൈലറ്റുമാരെയും ഉദ്യോഗസ്ഥരെയും കണ്ടെത്താന്‍ സൈന്യത്തിന് സാധിക്കുമോ എന്ന ചോദ്യത്തിന് കാനഡയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ജെന്നി കാരിഗ്‌നന്‍ തനിക്ക് ആശങ്കയില്ലെന്ന് മറുപടി നല്‍കി. എല്ലാ വിമാനങ്ങളും ഒരൊറ്റ ഘട്ടത്തിലല്ല വരുന്നത് എന്നതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ആവശ്യമായ ജീവനക്കാരെ കണ്ടെത്താന്‍ സൈന്യത്തിന് സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ, യോഗ്യതയുള്ള പൈലറ്റുമാരുടെ കുറവ് എഫ്-35 വിമാനങ്ങളിലേക്കുള്ള മാറ്റത്തെ ബാധിച്ചേക്കാമെന്ന് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
