ന്യൂബ്രണ്‍സ്വിക്: ബാല്‍മോറലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് സംശയാസ്പദമായ വാഹനങ്ങള്‍ക്കായി കാംബെല്‍ട്ടണ്‍ ആര്‍സിഎംപി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെ ‘ഡെസ് പിയോണിയേഴ്‌സ് അവന്യൂവിലാണ്’ (des Pionniers Avenue) അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ഹെറോണ്‍ ബേ (Heron Bay) സ്വദേശിയായ ഇദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ന്യൂ ബ്രണ്‍സ്വിക്ക് ആര്‍സിഎംപിയുടെ മേജര്‍ ക്രൈം യൂണിറ്റാണ് ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. അപകടസമയത്ത് ഈ പ്രദേശത്തുണ്ടായിരുന്ന ചുവപ്പ് നിറത്തിലുള്ള ‘1982 റെനോ അലയന്‍സ്’ (1982 Renault Alliance) കാര്‍, ഒരു കറുത്ത പിക്ക് അപ്പ് ട്രക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്.
അപകടം നടന്ന സമയത്ത് ഡെസ് പിയോണിയേഴ്‌സ് അവന്യൂവിലൂടെ യാത്ര ചെയ്തവരോ, സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോ ആയ ആരുടെയെങ്കിലും പക്കല്‍ സിസിടിവി അല്ലെങ്കില്‍ ഡാഷ്‌കാം ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മേജര്‍ ക്രൈം യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
