കാല്‍ഗറി: ആല്‍ബര്‍ട്ടയില്‍ കനത്ത നാശനഷ്ടം വിതച്ചേക്കാവുന്ന അപൂര്‍വ്വമായ ‘റെക്സ് ബ്ലോക്ക്’ (Rex Block) കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. അന്തരീക്ഷത്തില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള ഒരു മേഖലയ്ക്ക് തൊട്ടുതാഴെയായി കുറഞ്ഞ മര്‍ദ്ദമുള്ള മേഖല ഒരേസമയം ഒരേ സ്ഥലത്ത് ദിവസങ്ങളോളം തങ്ങിനില്ക്കുന്ന അവസ്ഥയാണിത്.
ഇത്തരമൊരു പ്രതിഭാസം രൂപപ്പെടുമ്പോള്‍ രണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളും പരസ്പരം സ്വാധീനിക്കുകയും, ദിവസങ്ങളോളമോ ആഴ്ചകളോളമോ ഒരേ പ്രദേശത്ത് മാറ്റമില്ലാതെ തുടരുകയും ചെയ്യും. ആല്‍ബര്‍ട്ടയില്‍ ഇതിനുമുമ്പ് ഇത്തരമൊരു റെക്സ് ബ്ലോക്ക് പ്രതിഭാസം അനുഭവപ്പെട്ടത് 2013ലാണ്. അന്ന് കാല്‍ഗറി നഗരത്തെ മുക്കിയ അതിശക്തമായ പ്രളയത്തിന് പ്രധാന കാരണമായത് ഈ അന്തരീക്ഷ വ്യതിയാനമായിരുന്നു.

നിലവിലെ മുന്നറിയിപ്പ് പ്രകാരം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും കാല്‍ഗറിയില്‍ ഈ പ്രതിഭാസം ഏറ്റവും കൂടുതല്‍ ബാധിക്കുക. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും ഇവിടെ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് തെക്കന്‍ ആല്‍ബര്‍ട്ടയിലുടനീളം 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. എങ്കിലും ഈ കാലാവസ്ഥാ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും മഴയുടെ അളവിനെ സാരമായി ബാധിച്ചേക്കാം.
ഈ വാരാന്ത്യത്തില്‍ എഡ്മിന്റണ്‍ പ്രദേശങ്ങളിലും തലസ്ഥാനത്തിന് തെക്കുകിഴക്കന്‍ മേഖലകളിലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രവിശ്യയുടെ വടക്കന്‍ അതിര്‍ത്തികളില്‍ കടുത്ത ഉഷ്ണതരംഗവും കാല്‍ഗറി മേഖലയില്‍ ശക്തമായ കൊടുങ്കാറ്റ് ജാഗ്രതയും നിലനില്ക്കുന്നു. ഈ പ്രതിഭാസത്തോടെ ജൂണ്‍ മാസത്തെ അവസാന ദിവസങ്ങളും ജൂലൈയിലെ ആദ്യ ദിനങ്ങളും കടുത്ത തണുപ്പിലേക്ക് മാറുമെന്നും ഉറപ്പായിട്ടുണ്ട്.
