മനാമ: ബഹ്റൈനില് വീണ്ടും ഇറാന്റെ ഡ്രോണ് ആക്രമണം. ഇന്ന് പുലര്ച്ചെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്ത് നിന്ന് ഡ്രോണ് ആക്രമണമുണ്ടായതെന്ന് ബഹ്റൈന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് മനാമ കുറ്റപ്പെടുത്തി.
ഇന്ന് പുലര്ച്ചെയുണ്ടായ ഡ്രോണ് അക്രമണങ്ങള് രാജ്യത്തെ ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്ത്തിയിരിക്കുന്നതെന്ന് ബഹ്റൈന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യന് സംഘര്ഷങ്ങള് ലഘൂകരിക്കുന്നതിനായി പ്രാദേശികവും അന്തര്ദേശീയവുമായ തലങ്ങളില് സമാധാന ശ്രമങ്ങള് പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള തുടര്ച്ചയായ പ്രകോപനങ്ങള് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള് മേഖലയിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പൂര്ണ്ണമായും ദുര്ബലപ്പെടുത്തുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്ത്തു.

അതേസമയം, ബഹ്റൈന് നേരെ ഇറാന് നടത്തിയ ഈ ഡ്രോണ് ആക്രമണത്തെ ഇതര ഗള്ഫ് രാജ്യങ്ങള് ശക്തമായ ഭാഷയില് അപലപിച്ചു. തങ്ങള്ക്ക് നേരെയുണ്ടാകുന്ന ഇത്തരം അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ഒരുമിച്ച് നിന്ന് ചെറുത്ത് തോല്പ്പിക്കുമെന്ന് ഗള്ഫ് രാഷ്ട്രങ്ങള് പ്രഖ്യാപിച്ചു. നിലവിലുള്ള അന്താരാഷ്ട്ര കരാറുകള്ക്കും ധാരണകള്ക്കും വിരുദ്ധമായി ഇറാന് നടത്തുന്ന ഈ ഹീനമായ പ്രവര്ത്തനങ്ങളെ വെറുമൊരു പ്രകോപനമായി കാണാനാകില്ലെന്നും, ഇതിനെ ഭീകരപ്രവര്ത്തനത്തിന്റെ പരിധിയില് ഉള്പ്പെടുത്തി വിശേഷിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയില് ആവശ്യപ്പെടുന്നു.
