നോവസ്‌കോഷ: കാനഡയിലെ ആദ്യത്തെ ഓഫ്ഷോര്‍ വിന്‍ഡ് ഫാം (കടല്‍ത്തീര കാറ്റാടിപ്പാടം) പദ്ധതിയുമായി ബന്ധപ്പെട്ട് നോവസ്‌കോഷ (Nova Scotia) ചരിത്രപരമായ ചുവടുവെപ്പിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണത്തിനായി കടല്‍ത്തീര ലൈസന്‍സുകള്‍ക്ക് ലേലം വിളിക്കാന്‍ യോഗ്യത നേടിയ കമ്പനികളുടെ പട്ടിക കാനഡ-നോവസ്‌കോഷ ഓഫ്ഷോര്‍ എനര്‍ജി റെഗുലേറ്റര്‍ പുറത്തുവിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ നടന്ന വിശദമായ സാമ്പത്തിക, സാങ്കേതിക, നിയമ അവലോകനങ്ങള്‍ക്കൊടുവിലാണ് അഞ്ച് വ്യക്തിഗത കമ്പനികള്‍ക്കും രണ്ട് സംയുക്ത ഗ്രൂപ്പുകള്‍ക്കും ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയത്. കാനഡ, ബെല്‍ജിയം, ചൈന, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കമ്പനികളാണ് പട്ടികയിലുള്ളത്. ഇതില്‍ ചില കമ്പനികള്‍ തങ്ങളുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം രഹസ്യമായി സൂക്ഷിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക ലേല നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖ കമ്പനികള്‍:
- ഡെമേ കണ്‍സെഷന്‍സ് വിന്‍ഡ് (ബെല്‍ജിയം)
- മിങ് യാങ് സ്മാര്‍ട്ട് എനര്‍ജി ഗ്രൂപ്പ് (ചൈന)
- നോര്‍ത്ത്‌ലാന്‍ഡ് പവര്‍ (ടൊറന്റോ, കാനഡ)
- സിംപ്ലി ബ്ലൂ എനര്‍ജി (അയര്‍ലന്‍ഡ്)
- ജാന്‍ ഡി നല്‍ (ലക്‌സംബര്‍ഗ്)
- ഡിപി എനര്‍ജി കാനഡ, എന്റര്‍പ്രൈസ് എനര്‍ജി (സിംഗപ്പൂര്‍), നോവ ഈസ്റ്റ് വിന്‍ഡ്, എസ്ബിഎം റിന്യൂവബിള്‍സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരടങ്ങിയ സഖ്യം.
- ഹന്‍വ ഓഷ്യന്‍ (ദക്ഷിണ കൊറിയ), ക്യു എനര്‍ജി ഫ്രാന്‍സ് എന്നിവരടങ്ങിയ സഖ്യം.

ഈ വന്‍കിട പദ്ധതിയിലൂടെ നോവസ്‌കോഷ ആഗോള ഊര്‍ജ്ജ മേഖലയിലെ മുന്‍നിരക്കാരായി മാറുമെന്ന് പ്രവിശ്യാ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് യുവാക്കള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും വലിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഘട്ടത്തില്‍ 5 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി പിന്നീട് 40 ജിഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ പ്രവിശ്യ തീരുമാനിച്ചിരുന്നു. നോവസ്‌കോഷയ്ക്ക് ആവശ്യമുള്ളതിനേക്കാള്‍ വളരെ കൂടുതലാണിത്. അതിനാല്‍ തന്നെ അവശേഷിക്കുന്ന അധിക വൈദ്യുതി കാനഡയുടെ മൊത്തം ആവശ്യത്തിന്റെ 27 ശതമാനത്തോളം പരിഹരിക്കാന്‍ ഉപയോഗിക്കാം. കെബെക്ക്, മസാച്യുസെറ്റ്‌സ് തുടങ്ങിയ മേഖലകള്‍ ഈ ശുദ്ധമായ ഊര്‍ജ്ജം വാങ്ങാന്‍ ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
‘വിന്‍ഡ് വെസ്റ്റ്’ (Wind West) എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ പ്രോജക്റ്റിന്റെ ആദ്യ ഘട്ടത്തിന് ഏകദേശം 60 ബില്യണ്‍ ഡോളറാണ് ചിലവ് കണക്കാക്കുന്നത്. ഇതില്‍ 40 ബില്യണ്‍ ഡോളര്‍ ടര്‍ബൈന്‍ നിര്‍മ്മാണത്തിനും 20 ബില്യണ്‍ ഡോളര്‍ പുതിയ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കുമായാണ് വിനിയോഗിക്കുക. 2033ഓടെ ഇതിന്റെ ആദ്യ ഘട്ട ഉത്പാദനം ആരംഭിക്കുമെന്നാണ് കരുതുന്നത്. പൂര്‍ണ്ണതോതിലുള്ള 40 ജിഗാവാട്ട് ഉത്പാദനം 2050ഓടെ സാധ്യമാകും. കേപ് ബ്രെറ്റന് വടക്കുകിഴക്കുള്ള സിഡ്‌നി ബൈറ്റ്, നോവസ്‌കോഷയുടെ കിഴക്കന്‍ തീരങ്ങള്‍ എന്നിവയാണ് പദ്ധതിക്കായി നിലവില്‍ പരിഗണനയിലുള്ള കടല്‍ മേഖലകള്‍.
