ഓട്ടവ: ബ്രിട്ടിഷ് കൊളംബിയയിലെ പ്രശസ്തമായ ‘ദി ഒലീവ് ഫാം’ വില്‍ക്കുന്നു. സാള്‍ട്ട് സ്പ്രിങ് ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ തോട്ടം കാനഡയിലെ ഏക വാണിജ്യ ഒലീവ് ഓയില്‍ ഉല്‍പ്പാദന തോട്ടമാണ്. ഓണ്‍ലൈന്‍ ആയി ലേലത്തില്‍ വരും ദിവസങ്ങളില്‍ വില്‍പ്പന നടക്കുമെന്ന് കാര്‍ഷിക ഭൂമി വില്പനയില് വൈദഗ്ധ്യമുള്ള നിയമ സ്ഥാപനമായ ‘CLHbid.com’ അറിയിച്ചു.
ഓഗസ്റ്റ് 12-ന് പസഫിക് സമയം രാവിലെ 9 മണിക്ക് ഒരു മണിക്കൂര്‍ മാത്രമാണ് ഓണ്‍ലൈന്‍ ലേലം നടക്കുക. ലിറ്ററിന് 625 ഡോളര്‍ (ഏകദേശം 52,000 ഇന്ത്യന്‍ രൂപ) വിലവരുന്ന കാനഡയുടെ സ്വന്തം എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തോട്ടമാണിത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഒലീവ് ഓയില്‍ വാങ്ങാന്‍ എപ്പോഴും വന്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ് തന്നെയുണ്ടാകാറുണ്ട്.

കാനഡയിലെ കടുത്ത തണുപ്പില്‍ ഒലീവ് വളരില്ലെന്ന പൊതുധാരണ തിരുത്തി, ഒലീവ് കൃഷിക്ക് അനുയോജ്യമായ ഏറ്റവും ചൂടുള്ളതും വരണ്ടതുമായ മൈക്രോക്ലൈമറ്റ് വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയാണ് ഷെറി ബ്രൗണും അന്തരിച്ച ഭര്‍ത്താവ് ജോര്‍ജും ചേര്‍ന്ന് 2010-ല്‍ ഈ വാലിയില്‍ തോട്ടം സ്ഥാപിച്ചത്. ആകെ 74 ഏക്കര്‍ വിസ്തൃതിയുള്ള ഈ മനോഹരമായ തോട്ടം രണ്ട് ഭാഗങ്ങളായാണ് (Parcels) ലേലത്തില്‍ വില്‍ക്കുന്നത്. ഓരോ ഭാഗത്തിനും അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 2.19 മില്യണ്‍ ഡോളര്‍ (ഏകദേശം 21.9 ലക്ഷം കാനഡ ഡോളര്‍) വീതമാണ്. ഇതില്‍ 36 ഏക്കര്‍ വരുന്ന ഒന്നാമത്തെ ഭാഗത്ത് 750 ഒലീവ് മരങ്ങള്‍ നിറഞ്ഞ തോട്ടം, ഗ്രീന്‍ഹൗസ്, ചെറിയ വീട്, ഒലീവ് സംസ്കരണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നു.
38 ഏക്കര്‍ വരുന്ന രണ്ടാമത്തെ ഭാഗത്ത് ടസ്കന്‍ വില്ല (Tuscan villa) മാതൃകയില്‍ നിര്‍മ്മിച്ച രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഭവനമാണുള്ളത്. ലേലം ജയിക്കുന്ന വ്യക്തിക്ക് തോട്ടത്തിലെ മറ്റ് ആധുനിക ഉപകരണങ്ങളും ഒലീവ് മില്ലും സ്വന്തമാക്കാനുള്ള പ്രത്യേക മുന്‍ഗണനയും ലഭിക്കും. ഉടമയായ ഷെറി ബ്രൗണ്‍ വിരമിക്കുന്നതിന്റെ ഭാഗമായാണ് തോട്ടം വില്ക്കാന് തീരുമാനിച്ചത്. കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തോട്ടം വാങ്ങാന്‍ ഇതിനകം തന്നെ നിരവധി പേര് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
