Sunday, June 28, 2026

ഉപയോഗിച്ച സൂചികള്‍ പൊതുമാലിന്യത്തില്‍; ആശങ്കയില്‍ ശുചീകരണ തൊഴിലാളികള്‍

ഓട്ടവ: നോര്‍ത്തേണ്‍ ഒന്റാരിയോയില്‍ ആശങ്കയായി വന്‍തോതില്‍ പൊതുമാലിന്യത്തില്‍ തളളുന്ന ഉപയോഗിച്ച സൂചികള്‍. റീസൈക്ലിങ്ങിനായി വെയ്ക്കുന്ന നീല ബോക്‌സുകളിലും ലാന്‍ഡ്ഫില്ലുകളിലും ഇവ വലിയതോതില്‍ പ്രത്യക്ഷപ്പെടുന്നത് ശുചീകരണ തൊഴിലാളികളുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം 27,000 കിലോഗ്രാമിലധികം ഉപയോഗിച്ച മെഡിക്കല്‍ സൂചികള്‍ ജനങ്ങള്‍ തിരികെ നല്‍കിയെങ്കിലും, വന്‍തോതില്‍ ഇവ ഇപ്പോഴും പൊതുമാലിന്യങ്ങള്‍ക്കൊപ്പം തള്ളുന്നതായി പരിസ്ഥിതി-മാലിന്യ സംസ്‌കരണ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒന്റാരിയോയിലെ റീസൈക്ലിങ് സാമ്പിളുകളില്‍ 0.4 ശതമാനത്തിലും ഇത്തരത്തിലുള്ള സൂചികള്‍ കണ്ടെത്തുന്നുണ്ടെന്ന് ‘സര്‍ക്കുലര്‍ മെറ്റീരിയല്‍സ്’ പ്രതിനിധി അലന്‍ ലാങ്ഡണ്‍ വ്യക്തമാക്കി. ശതമാനം ചെറുതാണെങ്കിലും, റീസൈക്ലിങ് പ്ലാന്റുകളില്‍ കൈകൊണ്ട് മാലിന്യം തരംതിരിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് പരുക്കേല്‍ക്കാനും മാരകമായ രോഗബാധ ഉണ്ടാകാനും കാരണമാകുന്നുണ്ട്. ഗ്രേറ്റര്‍ സഡ്ബറിയില്‍ മാത്രം ഇത്തരത്തില്‍ സൂചികള്‍ പൊതുമാലിന്യത്തില്‍ തള്ളുന്ന 316 ഓളം വീടുകളെ അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്.

ഉപയോഗിച്ച സൂചികള്‍ സുരക്ഷിതമായി ഫാര്‍മസികളില്‍ തിരികെ നല്‍കാനുള്ള സൗകര്യം നിലവിലുണ്ട്. സഡ്ബറിയില്‍ മാത്രം ഏകദേശം 50 ഫാര്‍മസികള്‍ ഹെല്‍ത്ത് പ്രോഡക്ട്‌സ് സ്റ്റീവാര്‍ഡ്ഷിപ്പ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ സേവനം നല്‍കുന്നുണ്ട്. ഫാര്‍മസികളില്‍ നല്‍കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും നഗരസഭയുടെ മറ്റ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് നികുതിപ്പണത്തിന്റെ അധികച്ചിലവിന് കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തില്‍ അശ്രദ്ധമായി ഉപേക്ഷിക്കുന്ന സൂചികള്‍ കുത്തുന്നത് വഴി എച്ച്.ഐ.വി (HIV), ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരകമായ രോഗങ്ങള്‍ പകരാന്‍ സാധ്യതയേറെയാണ്. മുന്‍കാലങ്ങളില്‍ ഇത്തരം പരുക്കേറ്റാല്‍ ഉടന്‍ പരിശോധനകളും മരുന്നുകളും ലഭ്യമായിരുന്നെങ്കില്‍, നിലവിലെ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് പരുക്കേല്‍ക്കുന്ന ജീവനക്കാര്‍ അടുത്ത 6 മാസത്തോളം സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത് തൊഴിലാളികളില്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.

പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് പുറമെ, നിലവില്‍ ശരീരഭാരം കുറയ്ക്കാനും മറ്റുമായി ‘ഓസെംപിക്’ (Ozempic) പോലുള്ള GLP-1 മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കാനഡയില്‍ 3 മില്യണോളമായി ഉയര്‍ന്നിട്ടുണ്ട്. ഇത് സിംഗിള്‍-യൂസ് സൂചികളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഉപയോഗിച്ച സൂചികള്‍ നിക്ഷേപിക്കാന്‍ ഫാര്‍മസികളില്‍ നിന്ന് പ്രത്യേക സുരക്ഷിത ബോക്‌സുകള്‍ സൗജന്യമായി ലഭിക്കുമെന്നും, ഇതിനെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!