ടൊറന്റോ: ഒന്റാരിയോയില്‍ ജൂലൈ 1 മുതല്‍ വാഹന ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ഇതനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ ചെറിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, അത് പലരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സാമ്പത്തിക-നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഒന്റാരിയോയിലെ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കീഴില്‍ നിര്‍ബന്ധമായും നല്‍കേണ്ടിയിരുന്ന ‘ആക്സിഡന്റ് ബെനിഫിറ്റ്സ്’ (Accident Benefits) പ്രവിശ്യാ സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് ഈ മാറ്റത്തിന് കാരണം. 2022-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് വേളയില്‍ ഡോണ്‍ ഫോര്‍ഡ് (Doug Ford) സര്‍ക്കാര്‍ നല്കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുന്‍പ് ഇന്‍ഷുറന്‍സിനൊപ്പം നിര്‍ബന്ധമായും ലഭിച്ചിരുന്ന വരുമാന നഷ്ടപരിഹാരം (Income replacement), മരണാനന്തര ആനുകൂല്യങ്ങള്‍ (Death benefits), ശവസംസ്കാര ചെലവുകള്‍ (Funeral expenses) എന്നിവ ഇനിമുതല്‍ നിര്‍ബന്ധമല്ല. പകരം ഇവ ‘ഓപ്ഷണല്‍’ (ഡ്രൈവര്‍മാരുടെ താല്പര്യപ്രകാരം തിരഞ്ഞെടുക്കാവുന്നവ) മാത്രമായിരിക്കും. ഇനിമുതല്‍ കേവലം മെഡിക്കല്‍ കെയര്‍, പുനരധിവാസം (Rehabilitation) എന്നിവ മാത്രമായിരിക്കും ഇന്‍ഷുറന്‍സില്‍ നിര്‍ബന്ധമായും ലഭിക്കുക.

ഇന്‍ഷുറന്‍സില്‍ നിന്ന് ഇത്തരം ഓപ്ഷണല്‍ ആനുകൂല്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 100 മുതല്‍ 200 ഡോളര്‍ വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് ഇന്‍ഷുറന്‍സ് ബ്രോക്കറായ ലാന്‍സ് മില്ലര്‍ പറയുന്നു. എന്നാല്‍ വലിയൊരു അപകടം ഉണ്ടാകുമ്പോള്‍ പതിനായിരക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന ഇത്തരം കാര്യങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിനാല്‍ വെറും വിലക്കുറവ് മാത്രം നോക്കി ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. പുതിയതായി പോളിസി എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാകുന്നത്.
വാഹനങ്ങള്‍ ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രികരെയുമാണ് ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ‘ദി ബൈക്കിങ് ലോയര്‍’ (The Biking Lawyer) എന്നറിയപ്പെടുന്ന നിയമവിദഗ്ദ്ധന്‍ ഡേവ് ഷെല്നട്ട് ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് റോഡില്‍ വെച്ച് അപകടത്തില്‍പ്പെടുന്ന കാല്‍നടയാത്രക്കാര്‍ക്കോ സൈക്കിള്‍ യാത്രക്കാര്‍ക്കോ വണ്ടിയുടമയുടെ ഇന്‍ഷുറന്‍സിലൂടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം വണ്ടിയുടമയോ അവരുടെ പങ്കാളിയോ ആശ്രിതരോ അല്ലാത്തവര്‍ക്ക് ഈ ഓപ്ഷണല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സ്വന്തമായി ഇന്‍ഷുറന്‍സോ മറ്റ് കമ്പനി ആനുകൂല്യങ്ങളോ ഇല്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ ഇത് വലിയ തോതില്‍ ബാധിക്കും. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും നിര്‍ബന്ധിത മെഡിക്കല്‍ പരിരക്ഷ ഇപ്പോഴും ഉറപ്പാക്കുന്നുണ്ടെന്ന് ഒന്റാരിയോ ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പോളിസിയിലെ പരിരക്ഷകള്‍ വെട്ടിക്കുറയ്ക്കുന്നത് പ്രീമിയം തുക കുറയ്ക്കാനുള്ള ശരിയായ വഴിയല്ലെന്നും, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്ലാനുകള്‍ പരിശോധിച്ച് മികച്ച നിരക്കുകള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും ഇന്‍ഷുറന്‍സ് വിദഗ്ദ്ധനായ ഡാനിയല്‍ ഇവാന്‍സും വ്യക്തമാക്കുന്നു.
