ടൊറന്റോ: കാനഡാ ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന രാജ്യത്ത് ഈ ആഴ്ച കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജൂലൈയുടെ തുടക്കത്തിൽ തന്നെ നിരവധി പ്രദേശങ്ങളിൽ താപനിലയും ഹ്യുമിഡെക്സും ഗണ്യമായി ഉയരുമെന്നാണ് പ്രവചനം.
ഇന്ന് മുതൽ ചൂട് ശക്തമാകാൻ തുടങ്ങും. പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസിലെത്തും. വൈകുന്നേരത്തോടെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും രാത്രിയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച സ്ഥിതി കൂടുതൽ രൂക്ഷമാകും. പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസിലെത്തുമ്പോൾ ഹ്യുമിഡെക്സ് 40 വരെ ഉയരുമെന്നാണ് പ്രവചനം. ഉയർന്ന ഈർപ്പവും ഇടവിട്ടുള്ള വെയിലും രാവിലെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കാനഡാ ദിനമായ ബുധനാഴ്ച ചൂട് ഏറ്റവും രൂക്ഷമാകും. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിലെത്തും. എന്നാൽ ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് 43 വരെ എത്തുമെന്നാണ് വിലയിരുത്തൽ. പകൽ മുഴുവൻ ഇടവിട്ടുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയിലും താപനില 24 ഡിഗ്രി സെൽഷ്യസിന് താഴെയാകില്ല.

വ്യാഴാഴ്ചയും വലിയ ആശ്വാസമുണ്ടാകില്ല. പരമാവധി 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വൈകുന്നേരത്തോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.വെള്ളിയാഴ്ച പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും ഹ്യുമിഡെക്സ് 39-ഉം പ്രതീക്ഷിക്കുന്നു. രാത്രിയിലെ കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസായിരിക്കും.
അതേസമയം, നീണ്ടുനിൽക്കുന്ന ചൂടിന് വാരാന്ത്യത്തോടെ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ. അതുവരെ പുറത്തിറങ്ങുന്നവർ ധാരാളം വെള്ളം കുടിക്കാനും, നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാനും, കഴിയുന്നത്ര തണുപ്പുള്ള സ്ഥലങ്ങളിൽ തുടരാനും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
