ഓട്ടവ: കാനഡയിലെ പരമോന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് കാനഡ (Order of Canada) സംബന്ധിച്ച് ചില തദ്ദേശീയരായ ജനവിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായി ഫെഡറൽ സർക്കാരിന്റെ ആഭ്യന്തര പഠനം. ഈ ബഹുമതിക്ക് ഇപ്പോഴും ആഴത്തിലുള്ള കോളനിവാഴ്ചയുടെ പ്രതീകാത്മകതയും ചരിത്രബന്ധവുമുണ്ടെന്ന് ചിലർ വിലയിരുത്തുന്നതായി റിപ്പോർട്ടിൽ. കനേഡിയൻ ഫെഡറേഷന്റെ ശതാബ്ദിയോടനുബന്ധിച്ച് 1967-ൽ എലിസബത്ത് രാജ്ഞിയാണ് ഈ ബഹുമതി സ്ഥാപിച്ചത്.
ഓർഡർ ഓഫ് കാനഡയുടെ നാമനിർദേശ-തിരഞ്ഞെടുപ്പ് സംവിധാനത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ അവതരണ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തദ്ദേശീയരായ ജനവിഭാഗങ്ങൾ ഈ ബഹുമതി സ്വീകരിക്കുന്നത് തങ്ങൾക്ക് അസ്വസ്ഥതയോ ലജ്ജയോ ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മറ്റുചിലർ ഈ ബഹുമതിയെ തദ്ദേശിയ സമൂഹങ്ങളുടെ കരുത്തിനെയും അതിജീവനത്തെയും അംഗീകരിക്കുന്നതിനും ദേശീയ ഐക്യവും അനുരഞ്ജനവും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായി കാണുന്നുണ്ടെന്നും രേഖയിൽ പറയുന്നു.

പൊതുജനങ്ങൾ ഓർഡർ ഓഫ് കാനഡയെ എങ്ങനെ കാണുന്നുവെന്ന് വിലയിരുത്തുന്നതിനായി പ്രിവി കൗൺസിൽ ഓഫീസ്, ഗവർണർ ജനറലിന്റെ ഓഫീസ്, റിഡോ ഹാൾ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി പഠനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലെ തദ്ദേശിയ പ്രതിനിധികളുമായും ചരിത്ര-പൈതൃക സമ്മേളനങ്ങളിൽ പങ്കെടുത്തവരുമായും ചർച്ചകൾ നടത്തി.
അതേസമയം, ഓർഡർ ഓഫ് കാനഡയ്ക്കുള്ള നാമനിർദേശ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ വ്യക്തമായി നൽകണമെന്നും പഠനം ശുപാർശ ചെയ്യുന്നു. നാമനിർദേശം നൽകിയ ശേഷം നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തത് വിശ്വാസക്കുറവിന് കാരണമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
1967-ൽ സ്ഥാപിതമായ ഓർഡർ ഓഫ് കാനഡ ബഹുമതി ഇതുവരെ 8,300-ലധികം പേർക്ക് സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തിനും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഗവർണർ ജനറൽ ഈ ബഹുമതി നൽകുന്നത്.
ഇതിനിടെ, സ്ത്രീകളുടെ പ്രാതിനിധ്യവും ഇപ്പോഴും കുറവാണെന്ന് മുൻ ഫെഡറൽ ഉദ്യോഗസ്ഥനായ ആൻഡ്രൂ ഗ്രിഫിത്ത് അഭിപ്രായപ്പെട്ടു. 2021-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ സ്ത്രീകൾ 51 ശതമാനമാണെങ്കിലും, 2013 മുതൽ 2024 വരെയുള്ള കാലയളവിൽ ഓർഡർ ഓഫ് കാനഡ ലഭിച്ചവരിൽ സ്ത്രീകളുടെ പങ്ക് 34.5 ശതമാനം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
