ടൊറന്റോ: ഈ വർഷം ഏപ്രിലിൽ ക്ലാരിങ്ടണിൽ നടന്ന വാഹനാപകടത്തിൽ ആറ് കൗമാരക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ 17 വയസുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡർഹാം റീജിയണൽ പൊലീസ് കേസെടുത്തത്. ഏപ്രിൽ 15-ന് രാവിലെ 11 മണിയോടെ ലോങ്‌വർത്ത് അവന്യൂവിനും ജാക്ക്മാൻ റോഡിനും സമീപത്താണ് അപകടം നടന്നത്. ഈ കൗമാരക്കാരൻ ഓടിച്ച ഫോക്‌സ്‌വാഗൺ ഹാച്ച്‌ബാക്ക് കാറും എതിർദിശയിൽ വന്ന ഫോർഡ് എസ്‌യുവി കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് കൗമാരക്കാർക്കാണ് പരുക്കേറ്റത്. ഇവരിൽ നാല് പേരെ നിസാര പരുക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് പേരെ ടൊറന്റോ മേഖലയിലെ ട്രോമാ സെന്ററിലേക്ക് പ്രവേശിപ്പിച്ചിരുന്നു.മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനാണ് 17 വയസുകാരനെതിരെ കേസെടുത്തത്. തുടർ നടപടികളുടെ ഭാഗമായി പ്രതിയെ വ്യവസ്ഥകളോടെ വിട്ടയച്ചതായി ഡർഹാം റീജിയണൽ പൊലീസ് അറിയിച്ചു.
