മത്സരം അവസാന വിസിലിലേക്ക് നീങ്ങുമ്പോൾ ടൊറന്റോയിൽ കഥ ഇനിയും ബാക്കി ഉണ്ടായിരുന്നു. ഒരു വശത്ത് ജീവൻമരണ പോരാട്ടത്തിൽ പിടിച്ചുനിന്ന പറങ്കിപ്പട, മറുവശത്ത് അവസാന നിമിഷം വരെ തോൽവി സമ്മതിക്കാത്ത ക്രൊയേഷ്യ. ഇൻജുറി ടൈമിലെ ഓരോ മിനിറ്റും പുതിയ വഴിത്തിരിവുകൾ സമ്മാനിച്ച പോരാട്ടത്തിൽ ഒടുവിൽ ചിരിച്ചത് പോർച്ചുഗലാണ്.
75-ാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ മുന്നേറ്റത്തിന്റെ സൂചന നൽകി. മത്തിയോ കോവാചിച്ചിന്റെ ദൂരപ്രയത്‌നം കോസ്റ്റയുടെ വിരൽത്തുമ്പിൽ തട്ടി പോസ്റ്റിൽ പതിച്ചു. തിരിച്ചുവന്ന പന്തിലും കോവാചിച്ച് വീണ്ടും ലക്ഷ്യം നോക്കിയെങ്കിലും പോർച്ചുഗൽ ഗോൾകീപ്പർ വീണ്ടും മതിലായി. പിന്നാലെ മാതാനോവിച്ചിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കോസ്റ്റയെ മറികടക്കാനായില്ല.

ക്രൊയേഷ്യയുടെ സമ്മർദം കനക്കുന്നതിനിടെയാണ് 80-ാം മിനിറ്റിൽ പന്ത് വലയിലെത്തിയത്. സുചിച്ചിന്റെ ഫിനിഷിൽ അവർ ആഘോഷം തുടങ്ങിയെങ്കിലും ഓഫ്‌സൈഡ് പതാക ഉയർന്നതോടെ ആ സന്തോഷം നിമിഷങ്ങൾക്കകം അവസാനിച്ചു.
മറുവശത്ത് പോർച്ചുഗലും ആക്രമണം തുടർന്നു. കോൺസെയ്‌സാവോയും വെയ്ഗയും സൃഷ്ടിച്ച അവസരങ്ങൾ ലക്ഷ്യം കണ്ടില്ല. 81-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചപ്പോൾ മത്സരത്തിന്റെ ഭാവി ഏത് ദിശയിലേക്കാണെന്ന് പറയാനാകാത്ത അവസ്ഥയായിരുന്നു.
89-ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് മത്സരത്തിലെ ഏറ്റവും വലിയ അവസരം ലഭിച്ചു. മോഡ്രിച്ചിന്റെ കൃത്യമായ മുന്നേറ്റത്തിൽ പസാലിച്ചിന് ലഭിച്ച ഹെഡർ പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയപ്പോൾ അവരുടെ നിരാശ മുഖങ്ങളിൽ തെളിഞ്ഞു.
രണ്ടാം പകുതിക്ക് പത്ത് മിനിറ്റ് അധികസമയം പ്രഖ്യാപിച്ചതോടെ മത്സരം മറ്റൊരു തലത്തിലേക്ക് കടന്നു.
90+4-ാം മിനിറ്റിൽ പോർച്ചുഗൽ കാത്തിരുന്ന നിമിഷം എത്തി. വെയ്ഗയുടെ പാസിൽ ഇടത് വിങ്ങിലൂടെ മുന്നേറിയ ലിയാവോ ഉയർത്തിയ മനോഹരമായ ക്രോസിലേക്ക് രണ്ട് പ്രതിരോധതാരങ്ങൾക്കിടയിലൂടെ ഉയർന്നുചാടിയ ഗോൺസാലോ റാമോസ് ഹെഡർ തിരിച്ചു. പന്ത് നേരെ വലയുടെ മുകൾമൂലയിലേക്ക്. 2-1. ലോകകപ്പ് സ്വപ്നം കൈവിടില്ലെന്ന പ്രഖ്യാപനമായിരുന്നു ആ ഗോൾ.
2014-ൽ അമേരിക്കക്കെതിരെ സിൽവെസ്ട്രെ വരേല നേടിയ ഗോളിന് ശേഷം ലോകകപ്പിൽ പോർച്ചുഗലിന്റെ ഏറ്റവും വൈകിയ രണ്ടാമത്തെ ഗോളെന്ന പ്രത്യേകതയും റാമോസിന്റെ ഈ ഫിനിഷിന് ലഭിച്ചു.
എന്നാൽ മത്സരം അവിടെ അവസാനിച്ചില്ല.
102-ാം മിനിറ്റിൽ ടൊറന്റോ വീണ്ടും പൊട്ടിത്തെറിച്ചു. ഇടത് വശത്തുനിന്ന് ഇവാൻ പെരിഷിച്ച് ഉയർത്തിയ പന്ത് മാതാനോവിച്ച് തലകൊണ്ട് വഴിതിരിച്ചുവിട്ടു. ഫാർ പോസ്റ്റിൽ പസാലിച്ചിലൂടെ വന്ന പന്ത് അടുത്തദൂരത്ത് നിന്ന് യോഷ്കോ ഗ്വാർഡിയോൾ വലയിലാക്കി. ക്രൊയേഷ്യൻ താരങ്ങൾ സമനില നേടിയെന്ന വിശ്വാസത്തിൽ ആഘോഷം തുടങ്ങി.
പക്ഷേ ആ ആഘോഷം അധികനേരം നീണ്ടില്ല.
നീക്കത്തിനിടെ പസാലിച്ച് ഓഫ്‌സൈഡിലായിരുന്നോയെന്ന പരിശോധനയ്ക്കായി തീരുമാനം വിഎആറിലേക്ക് പോയി. ഒടുവിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. അവസാന നിമിഷം വരെ കൈവിടാതെ പൊരുതിയ ക്രൊയേഷ്യയുടെ പ്രതീക്ഷ അങ്ങനെ വിഎആറിന് മുന്നിൽ അവസാനിച്ചു.
അവസാന വിസിൽ മുഴങ്ങിയപ്പോൾ മുന്നോട്ട് പോയത് പറങ്കിപ്പട. അവസാന നിമിഷം വരെ ഓരോ പന്തും മത്സരത്തിന്റെ വിധി മാറ്റിയ പോരാട്ടത്തിൽ ലോകകപ്പ് സ്വപ്നം ജീവനോടെ നിലനിർത്താൻ പോർച്ചുഗലിന് കഴിഞ്ഞു
