ഹാലിഫാക്സ്: മാരിടൈം പ്രവിശ്യകളിലെ ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയേകി ഇന്ധനവിലയില്‍ വന്‍ വര്‍ധന. നോവസ്കോഷ, ന്യൂബ്രണ്‍സ്വിക്ക് എന്നീ പ്രവിശ്യകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
നോവസ്കോഷ (Nova Scotia):
പ്രവിശ്യയുടെ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയില്‍ റഗുലര്‍ സെല്‍ഫ്-സെര്‍വ് പെട്രോള്‍ വിലയില്‍ ലിറ്ററിന് 7.8 സെന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇവിടുത്തെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 176.7 സെന്റായി ഉയര്‍ന്നു. ഡീസല്‍ വിലയിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ലിറ്ററിന് 9.5 സെന്റ് വര്‍ധിച്ച് കുറഞ്ഞ വില 194.9 സെന്റിലെത്തി. കേപ് ബ്രെറ്റന്‍ മേഖലയിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷം. ഇവിടെ പെട്രോള്‍ വില 9.8 സെന്റ് വര്‍ധിച്ച് ലിറ്ററിന് കുറഞ്ഞത് 178.7 സെന്റും, ഡീസല്‍ വില ലിറ്ററിന് 196.9 സെന്റുമായി ഉയര്‍ന്നു.

ന്യൂബ്രണ്‍സ്വിക്ക് (New Brunswick):
ന്യൂബ്രണ്‍സ്വിക്കിലും ഇന്ധനവിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. പെട്രോള്‍ വില ലിറ്ററിന് 3.9 സെന്റ് വര്‍ധിച്ചതോടെ ഇവിടുത്തെ പുതിയ നിരക്ക് ലിറ്ററിന് 179.9 സെന്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 6.6 സെന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രവിശ്യയിലെ പുതിയ പരമാവധി ഡീസല്‍ വില ലിറ്ററിന് 206.4 സെന്റായി ഉയര്‍ന്നു.
