മസ്കറ്റ്: പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
പശ്ചിമേഷ്യയിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ, കടൽമാർഗ വ്യാപാരത്തിന്റെയും കപ്പൽഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കൽ, മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് സമാധാനപരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തൽ എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളായിരുന്നത്.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണം കൂടുതൽ വിപുലീകരിക്കാനും ഇരു നേതാക്കളും ധാരണയിലെത്തി. പരസ്പര താൽപര്യങ്ങൾ മുൻനിർത്തിയുള്ള പുതിയ സഹകരണ സാധ്യതകൾ പ്രയോജനപ്പെടുത്തി സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊന്നൽ നൽകാനും തീരുമാനിച്ചു.
പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനവും സ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ പ്രാദേശിക രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണവും പരസ്പര സഹകരണവും സമാധാനപരമായ സഹവർത്തിത്വവും അനിവാര്യമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കി.
