Saturday, July 4, 2026

ഒമാനിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത; വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

മസ്കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹജർ പർവതനിരകൾ, ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങൾ, അൽ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്.

ഇന്ന് രാത്രി 10 മണി മുതൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മിതമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ ഒറ്റപ്പെട്ടതും പരക്കെയുമായ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബൂ ഹസ്സൻ, ജഅലാൻ ബനി ബൂ അലി, സദഹ്, ഷലീം-ഹല്ലാനിയാത്ത് ദ്വീപുകൾ, മഹൂത്ത്, മിർബാത്ത്, മസ്യൂന, അൽ ഹമ്മ എന്നിവിടങ്ങളിലാണ് കാറ്റിന്റെ ശക്തി കൂടുതലായി അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റിനെ തുടർന്ന് തീരദേശ മേഖലകളോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.ജൂലൈ 6 വൈകുന്നേരത്തോടെ ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാറിലെ തീരമേഖലകളിലും സമീപ മലനിരകളിലും പൊതുവെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

ഇതിനുപുറമെ, അൽ വുസ്ത ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലും പുലർച്ചെയും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!