ടൊറന്റോ: സ്കാർബ്റോയിൽ താമസമേഖലയിലുണ്ടായ വെടിവെപ്പിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബ്രെനിയോൺ വേയും സുവെൽസ് റോഡും ചേരുന്ന പ്രദേശത്താണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥലത്ത് എത്തിയപ്പോൾ വെടിയേറ്റതിന്റെ തെളിവുകളും സമീപത്തെ പല വീടുകളിലും നാശനഷ്ടങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.
