Monday, July 6, 2026

Ai നിക്ഷേപ സമ്മർദം; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള (Ai) വൻ നിക്ഷേപങ്ങളുടെ സമ്മർദത്തിനിടെ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമായി മൈക്രോസോഫ്റ്റ്. ഈ വർഷം ആഗോള ടെക് കമ്പനികളുടെ എഐ ചെലവ് 700 ബില്യൺ ഡോളർ കടക്കുമെന്ന സാഹചര്യത്തിൽ, നിക്ഷേപത്തിന് അനുസരിച്ചുള്ള വരുമാനം ഉറപ്പാക്കാനും ഉയരുന്ന ചെലവുകൾ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളാണ് കമ്പനികൾ ശക്തമാക്കുന്നത്. ഈ വർഷം തന്നെ ആമസോണും മെറ്റയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ, പതിവ് ജോലികളിൽ ചിലത് ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ എഐ ജോലി ചെയ്യുന്ന രീതിയെ മാറ്റിമറിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ, ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനിയുടെ മുൻഗണനകൾക്കനുസരിച്ച് വിഭവങ്ങളും പ്രവർത്തനഘടനയും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി.

“ഇന്ന് ഒഴിവാക്കിയ തസ്തികകൾ എഐ ഉപയോഗിച്ച് നികത്തുന്നില്ല. എന്നാൽ എഐ ജോലി ചെയ്യുന്ന രീതിയെ മാറ്റുന്നുവെന്നത് യാഥാർഥ്യമാണ്,” ആമി കോൾമാൻ ജീവനക്കാർക്കുള്ള സന്ദേശത്തിൽ പറഞ്ഞു.

2026-ലെ ആദ്യ ആറുമാസത്തിനിടെ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യം ഏകദേശം 23 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് തിങ്കളാഴ്ച കമ്പനി പുതിയ പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. 2022ന് ശേഷമുള്ള ഏറ്റവും മോശം ആദ്യപകുതി പ്രകടനമാണിത്.

ഈ വർഷം ആദ്യം അമേരിക്കയിലെ ജീവനക്കാരിൽ ഏകദേശം ഏഴ് ശതമാനം, അതായത് 9,000ഓളം പേർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള പദ്ധതി കമ്പനി മുന്നോട്ടുവെച്ചിരുന്നു. സാമ്പത്തിക വർഷം ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ ചെലവ് പദ്ധതികൾ തയ്യാറാക്കുന്നതിനോടനുബന്ധിച്ച് വർഷംതോറും ഈ കാലയളവിൽ ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ പതിവാണ്.

ഡി.എ. ഡേവിഡ്സണിലെ മാനേജിങ് ഡയറക്ടർ ഗിൽ ലൂറിയയുടെ വിലയിരുത്തൽ പ്രകാരം, എഐ നിക്ഷേപങ്ങൾക്ക് ആവശ്യമായ ചെലവ് കണ്ടെത്താൻ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഇതുവഴി ലാഭവിഹിതത്തിൽ മാറ്റമില്ലാതെ വരുമാന വളർച്ച വേഗത്തിലാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺഎഐയുടെ മോഡലുകൾ ഏപ്രിൽ വരെ എക്സ്ക്ലൂസീവായി വിപണിയിലെത്തിച്ചിരുന്ന അസ്യൂർ ക്ലൗഡ് സേവനത്തിന് എഐ ആവശ്യകത വർധിച്ചതോടെ മികച്ച വളർച്ച ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനായി ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിലെ വൻ ചെലവ് കമ്പനിയുടെ പണമൊഴുക്കിന് സമ്മർദം സൃഷ്ടിക്കുകയാണ്.

ഈ മാസം സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്ന മൈക്രോസോഫ്റ്റ്, ഏപ്രിലിൽ അസ്യൂറിന്റെ ത്രൈമാസ വരുമാനം വിപണി പ്രതീക്ഷകളെ മറികടക്കുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം, 2026-ൽ 190 ബില്യൺ ഡോളറിന്റെ ചെലവ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് വിപണി പ്രതീക്ഷകളെക്കാൾ വളരെ കൂടുതലായിരുന്നു.

പതിവ് ബിസിനസ് ജോലികൾ കൂടുതൽ ഓട്ടോമേറ്റ് ചെയ്യുന്ന എഐ ഉപകരണങ്ങൾ കമ്പനിയുടെ സോഫ്റ്റ്‌വെയർ ബിസിനസിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡാറ്റാ സെന്ററുകളുടെ വർധിച്ച ആവശ്യകതയെ തുടർന്ന് മെമ്മറി ചിപ്പുകളുടെ വില കുതിച്ചുയർന്നതോടെ, ആവശ്യകത നേരത്തേ തന്നെ കുറഞ്ഞിരുന്ന എക്സ്ബോക്സ് കൺസോളിന്റെ വില വർധിപ്പിക്കാനും മൈക്രോസോഫ്റ്റ് നിർബന്ധിതമായി.

ഗെയിമിങ് വിഭാഗത്തിൽ പുനഃസംഘടന

ഗെയിമിങ് വിഭാഗത്തിന്റെ പുതിയ മേധാവിയായ ആശാ ശർമ, ബിസിനസിന് സമഗ്രമായ പുനഃക്രമീകരണം ആവശ്യമാണെന്ന് കഴിഞ്ഞ മാസം ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ലാഭവിഹിതം മൂന്ന് ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ പുനഃസംഘടന അനിവാര്യമാണെന്നും ലയനമോ ഏറ്റെടുക്കലോ ഉൾപ്പെടെയുള്ള സാധ്യതകളും പരിഗണിക്കുമെന്നും അവർ പറഞ്ഞു.

“ആക്റ്റിവിഷൻ ബ്ലിസാർഡ് കിങിനെ ഒഴിവാക്കിയാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉള്ളടക്കം, പ്ലാറ്റ്ഫോം, ഹാർഡ്‌വെയർ സബ്സിഡി എന്നിവയ്ക്കായി 20 ബില്യൺ ഡോളറിലധികം ചെലവഴിച്ചു. എന്നാൽ അതേ കാലയളവിൽ വാർഷിക വരുമാനം ഏകദേശം അര ബില്യൺ ഡോളർ കുറഞ്ഞു. ഇനിയും ഇത് തുടരാനാവില്ല,” ആശാ ശർമ ജീവനക്കാർക്കുള്ള സന്ദേശത്തിൽ വ്യക്തമാക്കി.

എക്സ്ബോക്സ് ഗെയിമിങ് വിഭാഗത്തെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാക്കി മാറ്റുന്നതുൾപ്പെടെയുള്ള പുനഃസംഘടനാ സാധ്യതകളും സ്പിൻഓഫും കമ്പനി പരിഗണിക്കുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!