കൊച്ചി: വന്യജീവി ആക്രമണങ്ങളും മനുഷ്യരുടെ സുരക്ഷയും പ്രമേയമാക്കി സംവിധായകൻ എം എ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രം ‘ലർക്ക്’ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ജൂലൈ 24-ന് ചിത്രം തിയറ്ററുകളിലെത്തും.
“വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. എന്നാൽ അതിനുമപ്പുറം ജനങ്ങളും സംരക്ഷിക്കപ്പെടണം” എന്ന സന്ദേശത്തിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യവും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷവും കാലികപ്രസക്തിയോടെ അവതരിപ്പിക്കുന്നതാണ് ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
കേരളത്തിൽ സമീപകാലത്തായി വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ, അതിനെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങൾ, മനുഷ്യജീവന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

കേരളാ ടാക്കീസ് ബാനറിൽ ആർ ഹരികുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി ജി രവി, അനുമോൾ, മഞ്ജു പിള്ള, ജാഫർ ഇടുക്കി, സുധീർ കരമന, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, മുത്തുമണി, സ്മിനു സിജോ, രമ്യ പണിക്കർ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. സംവിധായകൻ എം എ നിഷാദും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥയും സംവിധാനവും എം എ നിഷാദിന്റേതാണ്. തിരക്കഥയും സംഭാഷണവും ജുബിൻ ജേക്കബ് നിർവഹിക്കുന്നു. രജീഷ് രാമൻ ഛായാഗ്രഹണവും വിപിൻ മണ്ണൂർ എഡിറ്റിംഗും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. മാൻ മീഡിയയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
