കൊച്ചി: കോറോ ഹെൽത്തിൽ നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. സർക്കാർ തലത്തിൽ ധാരണയായ സ്റ്റാറ്റസ്‌കോ നിലനിർത്തുമെന്ന തീരുമാനമുണ്ടായിട്ടും, ഇന്ന് ജോലിക്കെത്തിയ ജീവനക്കാർക്ക് കമ്പനി ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതോടെ ജീവനക്കാർ ഓഫീസിന് പുറത്തുതന്നെ കാത്തുനിൽക്കുകയാണ്.
സംഭവസ്ഥലത്ത് എത്തിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ആരെയും ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. കമ്പനി അധികൃതർ സ്ഥലത്തെത്തിയെങ്കിലും ഓഫീസ് തുറക്കുകയോ ജീവനക്കാരെ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല.
സർക്കാരിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാമെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരെ ഇന്നലെയും ഇന്നും ജോലിസ്ഥലത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.

ഓഫീസിൽ പ്രവേശിക്കാനും ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനും അനുമതി നൽകുമെന്ന് അറിയിച്ചിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ഓഫീസ് പൂട്ടിയ നിലയിലാണെന്നും അവർ ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയിലാണ് ജീവനക്കാരുടെ പ്രതീക്ഷ.
ഇതിനിടെ, കോറോ ഹെൽത്തിന്റെ ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ച് മുന്നോട്ടുപോകാൻ കമ്പനിയെ അനുവദിക്കില്ലെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ സമരം തുടരുമെന്നും സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
