വാഷിങ്ടൺ: നിർബന്ധിത തൊഴിലിനെ (Forced Labour) അടിസ്ഥാനമാക്കി കാനഡൻ ഉൽപ്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ കാനഡ രംഗത്ത്. സി.യു.എസ്.എം.എ (CUSMA) കരാറിന്റെ പരിധിയിൽ വരാത്ത എല്ലാ കനേഡിയൻ സാധനങ്ങൾക്കും 10% അധിക തീരുവ ചുമത്താനാണ് യു.എസ് നീക്കം.വിതരണ ശൃംഖലകളിലെ നിർബന്ധിത തൊഴിൽ തടയുന്നതിനായി പുതിയ നിയമനടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ കാനഡയ്‌ക്കെതിരെ അധിക തീരുവ ഏർപ്പെടുത്താൻ യാതൊരു അടിസ്ഥാനവുമില്ലെന്ന് കാനഡ സർക്കാർ അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ഓഫീസിന് സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖലകളിൽ നിന്ന് നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ കാനഡ തയാറാണെന്നും വ്യക്തമാക്കി. നിലവിലുള്ള നിയമനിരോധനം, വിതരണ ശൃംഖലയിലെ സുതാര്യത ഉറപ്പാക്കുന്ന നടപടികൾ, പുതുതായി അവതരിപ്പിച്ച നിർബന്ധിത തൊഴിൽ വിരുദ്ധ ഇറക്കുമതി നിയമം എന്നിവ കണക്കിലെടുക്കുമ്പോൾ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അധിക സെക്ഷൻ 301 തീരുവ ചുമത്തുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് കാനഡയുടെ വാദം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയത്തിന്റെ ഭാഗമായി യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് ആരംഭിച്ച സെക്ഷൻ 301 അന്വേഷണത്തിന്റെ ഭാഗമായാണ് കാനഡ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് 1,500-ലധികം രേഖാമൂലമുള്ള വിശദീകരണങ്ങൾ സ്വീകരിച്ചത്. കാനഡ, മെക്സിക്കോ, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർബന്ധിത തൊഴിൽ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഇവയ്‌ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തണമെന്ന് യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ നേരത്തെ നിർദേശിച്ചിരുന്നു.

യു.എസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണ്ണമായി തടയുന്നതിനായി കാനഡ പുതിയ നിയമങ്ങൾ (ബിൽ സി-35) നടപ്പിലാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ടതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെയും പ്രദേശങ്ങളുടെയും പൊതുപട്ടിക തയ്യാറാക്കുകയും, പട്ടികയിലുള്ള പ്രദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ചതല്ലെന്ന് ഇറക്കുമതിക്കാർ തെളിയിക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, കാനഡ-അമേരിക്ക-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറായ CUSMA പ്രകാരമുള്ള ഇളവുകൾ തുടരണം എന്ന ആവശ്യവും വിവിധ വ്യവസായ സംഘടനകൾ മുന്നോട്ടുവച്ചു. കാർഷിക മേഖല ഉൾപ്പെടെ അതിർത്തി കടന്നുള്ള വ്യാപാരത്തെ അധിക തീരുവകൾ സാരമായി ബാധിക്കുമെന്നും, വിതരണ ശൃംഖലകൾക്കും ഉൽപ്പാദനച്ചെലവിനും തിരിച്ചടിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഈ താരിഫ് നയങ്ങൾക്ക് പിന്നിൽ തൊഴിലാളി ചൂഷണം തടയുക എന്നതിലുപരി, യു.എസിന്റെ വ്യാപാര സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കാനും ആഗോള താരിഫുകൾക്ക് പകരമായി പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള ട്രംപിന്റെ തന്ത്രപരമായ നീക്കങ്ങളാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
