ഫ്ലോറിഡ: ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് നല്‍കി സംസ്ഥാന ഭരണകൂടം ഉത്തരവിറക്കി. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതല്‍ ‘പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപ് അന്താരാഷ്ട്ര വിമാനത്താവളം’ എന്ന പേരില്‍ അറിയപ്പെടും. പേരുമാറ്റം സംബന്ധിച്ച് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഈ വര്‍ഷം ആദ്യം ഒപ്പുവെച്ച നിയമനിര്‍മ്മാണമാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ സംസ്ഥാന ഭരണകൂടം തീരുമാനിച്ചത്.
അതേസമയം, പേരുമാറ്റത്തെ തുടര്‍ന്നുള്ള വിമാനത്താവളത്തിലെ ഔദ്യോഗിക നടപടിക്രമങ്ങളും പുനര്‍നാമകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാന്‍ ഏതാനും ആഴ്ചകളെണ്ണമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള വിമാനത്താവള കോഡായ ‘PBI’ എന്നത് വരും ആഴ്ചകളില്‍ ഘട്ടംഘട്ടമായി മാറി, ഓഗസ്റ്റ് 18-ന് ശേഷം പൂര്‍ണ്ണമായും ‘DJT’ എന്ന പുതിയ കോഡിലേക്ക് മാറുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിന് തന്റെ പേര് നല്‍കിയത് തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. വരും നാളുകളില്‍ ലോകത്തിലെ ഏറ്റവും മികച്ചതും അതിശയകരവുമായ വിമാനത്താവളങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്തുണ നല്‍കിയ പാം ബീച്ചിലെ വോട്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കും ട്രംപ് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
പേരുമാറ്റത്തിന് പിന്നാലെ, ഡോണള്‍ഡ് ജെ. ട്രംപ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആദ്യമായി പറന്നിറങ്ങിയ വിമാനമായി ട്രംപ് കുടുംബത്തിന്റെ സ്വകാര്യ വിമാനമായ ‘ട്രംപ് ഫോഴ്‌സ് വണ്‍’ മാറി. ട്രംപിന്റെ മകന്‍ എറിക് ട്രംപിനെയും വഹിച്ചാണ് ദി ട്രംപ് ഓര്‍ഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 757 വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. പാം ബീച്ചിലുള്ള തങ്ങളുടെ പ്രശസ്തമായ മാര്‍-എ-ലാഗോ വസതിയിലേക്ക് എത്തുന്നതിനായി ട്രംപിന്റെ കുടുംബം സ്ഥിരമായി ഈ വിമാനത്താവളമാണ് ഉപയോഗിക്കാറുള്ളത്. ഈ വര്‍ഷം ആദ്യം വിമാനത്താവളത്തില്‍ നിന്ന് ട്രംപിന്റെ എസ്റ്റേറ്റിലേക്കുള്ള പ്രധാന റോഡിന് ‘പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപ് ബോളിവാര്‍ഡ്’ എന്ന് സംസ്ഥാന ഭരണകൂടം പുനര്‍നാമകരണം ചെയ്തിരുന്നു.
