ടെഹ്റാന്: ഇറാനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കടുത്ത വ്യോമാക്രമണം. തെക്കന്‍ ഇറാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ സ്ഫോടനങ്ങള്‍ക്ക് പുറമെ, കൊനര്‍ക് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയും വലിയ ആക്രമണശ്രമം ഉണ്ടായതായി ഇറാന് ഔദ്യോഗികമായി വ്യക്തമാക്കി. അതീവ സുരക്ഷാ മേഖലയായ ബുഷെഹര്‍ ആണവ നിലയത്തിന് സമീപം ഉള്‍പ്പെടെ സ്ഫോടനങ്ങള്‍ നടന്നതായാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ നൂറ്റിയേഴുപതിലധികം (170) തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നത്. അതേസമയം, ഇറാനെ ഏതു സമയത്തും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ഇറാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) ഉദ്യോഗസ്ഥര്‍ അടക്കം 14 പേര് കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ നീക്കങ്ങളെല്ലാം യു.എസ് പ്രസിഡന്റ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ കടന്നാക്രമണത്തിന് പിന്നാലെ ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് ശക്തമായ പ്രത്യാക്രമണം നടത്തി. തങ്ങളുടെ പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് ഇറാന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ തങ്ങള്‍ പുതിയ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കന്‍ വാദം. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ഇറാന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. മേയ് മാസം ആദ്യം മുതല്‍ ഇതുവരെ അമേരിക്കന്‍ സഹായത്തോടെ 800-ഓളം കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നതായും 38 കോടി ബാരല്‍ എണ്ണ ഈ അന്താരാഷ്ട്ര ജലപാതയിലൂടെ കൊണ്ടുപോയതായും യു.എസ് സൈന്യം അവകാശപ്പെട്ടു.
