കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജൂണില്‍ രാജ്യത്തുടനീളം 18,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ദേശീയ തൊഴിലില്ലായ്മ നിരക്ക് മേയിലെ 6.6 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച നേട്ടമാണ് രാജ്യം കൈവരിച്ചത്. മേയ് മാസത്തില്‍ 88,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ജൂണിലും കാനഡ മികച്ച പ്രകടനം തുടരുന്നത്.
എന്നാല്‍, ദേശീയ തലത്തിലെ ഈ മുന്നേറ്റത്തിന് വിപരീതമായി ആല്‍ബര്‍ട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ ഏഴ് ശതമാനമായി ഉയര്‍ന്നു. മേയ് മാസത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ആല്‍ബര്‍ട്ട പ്രവിശ്യയിലേക്ക് ജനങ്ങള്‍ കൂട്ടമായി കുടിയേറുന്നതും തദ്ദേശീയമായി ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നതുമാണ് തൊഴിലന്വേഷകരുടെ എണ്ണം കൂടാന്‍ കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രവിശ്യയിലേക്ക് എത്തുന്ന ജനങ്ങളുടെ ആനുപാതികമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് നിലവില്‍ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ദേശീയതലത്തില്‍ യുവാക്കള്‍ക്കും 25 മുതല്‍ 54 വയസ്സ് വരെയുള്ളവര്‍ക്കുമാണ് കൂടുതല്‍ തൊഴില്‍ ലഭിച്ചത്. അതേസമയം 55 വയസ്സിന് മുകളിലുള്ളവര്‍ക്കിടയില്‍ തൊഴില്‍ പങ്കാളിത്തം കുറഞ്ഞു. ഹോട്ടല്‍, ഭക്ഷ്യ സേവന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ വളര്‍ച്ചയുണ്ടായത്. എന്നാല്‍ മാനുഫാക്ചറിങ്, കൃഷി, യൂട്ടിലിറ്റീസ് മേഖലകളില്‍ തൊഴില്‍ നഷ്ടം നേരിട്ടു. യുഎസുമായുള്ള താരിഫ് തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും കാരണം 2025 ജനുവരിക്ക് ശേഷം മാനുഫാക്ചറിങ് മേഖലയില്‍ മാത്രം 61,000 തൊഴിലവസരങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി മണിക്കൂര്‍ വേതനം 3.3 ശതമാനം വര്‍ദ്ധരിച്ച് 37.20 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായി ബാങ്ക് ഓഫ് കാനഡ വിലയിരുത്തുന്ന അവസാനത്തെ പ്രധാന തൊഴില്‍ റിപ്പോര്‍ട്ടാണിത്.
ആല്‍ബര്‍ട്ടയിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.8 ശതമാനമായി ഉയര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാല്‍ഗറി സ്വദേശിയായ വാലേരി മാര്‍ട്ടിനെസ് എന്ന യുവതിയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം ഒരു റസ്റ്റോറന്റില്‍ ജോലി ലഭിക്കാന്‍ പത്തിലേറെ സ്ഥലങ്ങളില്‍ അപേക്ഷിച്ചെങ്കിലും ശുപാര്‍ശകളില്ലാതെ ജോലി കണ്ടെത്തുക അസാധ്യമായിരുന്നുവെന്ന് മാര്‍ട്ടിനെസ് പറയുന്നു. എടിബി ഫിനാന്‍ഷ്യലിന്റെ ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് പാര്‍സണ്‍സ് വ്യക്തമാക്കുന്നത്, ആല്‍ബര്‍ട്ടയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ വേഗത്തില്‍ തൊഴിലന്വേഷകരുടെ എണ്ണം പെരുകുന്നതാണ് ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിന് കാരണമെന്നാണ്. എണ്ണ, വാതക മേഖലകള്‍ക്ക് പുറമെ സേവന മേഖലയിലുണ്ടായ വളര്‍ച്ചയാണ് ആല്‍ബര്‍ട്ടയ്ക്ക് നിലവില്‍ തുണയാകുന്നത്.
