ഹനോയ്: വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി. അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരികളുൾപ്പെടെ നിരവധി പേരെ കാണാതായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ബോട്ടിൽ 32 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 15 പേർ മരിച്ചതായി വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഇക്കാര്യം ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫു ക്വോക്കിന് സമീപമുള്ള ഹോൻ മേ പ്രദേശത്താണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക രക്ഷാസേനയും മറ്റ് ഏജൻസികളും ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അറിയിച്ചു.
അടിയന്തര വിവരങ്ങൾക്കായി അധികൃതർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
കൺട്രോൾ റൂം നമ്പറുകൾ
- +84 36 281 7930
- +84 91 552 37 14
- +84 33 452 0414
- +84 91 308 9165
