മലപ്പുറം: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനിടെ അര്‍ജന്റീനയെയും ഫിഫയെയും പരിഹസിച്ചുകൊണ്ട് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി. മലപ്പുറം സ്വദേശിയായ റാഷിദ് അഹമ്മദാണ് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി (DGP), സംസ്ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി എന്നിവര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചത്.
ഒരു പൊതു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട്, അതി കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്ക്കും ഫാന്‍സ് പോരുകള്ക്കുമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയില്‍ ശക്തമായി ആരോപിക്കുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫുട്ബോള്‍ എന്ന ജനപ്രിയ കായിക ഇനത്തിന്റെ സ്പിരിറ്റിനെയും കായികപ്രേമികളുടെ വികാരത്തെയും അപമാനിക്കുന്ന രീതിയിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയതെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക പദവികള്‍ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയും മത്സരത്തിലെ റഫറിയും ഒരുമിച്ചു നില്ക്കുന്ന ചിത്രത്തില്‍ ഗ്രാഫിക്സ് മാറ്റങ്ങള്‍ വരുത്തി കേരളത്തിന്റെ ഭൂപടം കൂടി ഉള്‍പ്പെടുത്തിയായിരുന്നു കേരള പൊലീസ് ഈ പോസ്റ്റ് പങ്കുവെച്ചത്. കളിക്കളത്തില്‍ അര്‍ജന്റീനയ്ക്ക് റഫറിയുടെ ഭാഗത്തുനിന്ന് അനധികൃതമായ സഹായം ലഭിക്കുന്നുണ്ടെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. ‘നിങ്ങള്‍ക്ക് ഞങ്ങളുണ്ട്’ എന്ന ടാഗ് ലൈനും ‘അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112’ എന്ന പൊലീസിന്റെ സന്ദേശവും ഈ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നുവന്നത്. ഒരു ഔദ്യോഗിക നിയമപാലക സംവിധാനത്തിന്റെ സോഷ്യല്‍ മീഡിയ പേജ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഒരു ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് തികച്ചും അപക്വമായ നടപടിയാണെന്ന് അര്‍ജന്റീന ആരാധകര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമാവുകയും സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ, ഒടുവില്‍ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് ഈ വിവാദ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
