Sunday, July 12, 2026

ഖത്തറില്‍ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ഷെയ്ഖ് ഹമദിന് വിട ചൊല്ലാന്‍ രാജ്യം

ദോഹ: ഖത്തറിലെ ആധുനിക നവോത്ഥാനത്തിന്റെ ശില്പിയും മുന്‍ അമീറുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച (ജൂലൈ 12) മുതല്‍ ദുഃഖാചരണം നിലവില്‍ വന്നു. ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പൊതുവിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മുന്‍ അമീറിനോടുള്ള ആദരസൂചകമായി രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിങ്കളാഴ്ച (ജൂലൈ 13) മുതല്‍ ഔദ്യോഗിക അവധിയായിരിക്കും. അവധിക്ക് ശേഷം ജൂലൈ 19-നായിരിക്കും ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുക.

ഞായറാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലാണ് ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ലുസൈല്‍ ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിക്കും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രവാസി സമൂഹമടക്കം ഖത്തറിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നത്.

ഒരു സാധാരണ ഗള്‍ഫ് പ്രവിശ്യയില്‍ നിന്ന് ഖത്തറിനെ ഇന്നത്തെ ആഗോള സാമ്പത്തിക-രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതില്‍ ഷെയ്ഖ് ഹമദിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണനേതൃത്വം നിര്‍ണായകമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ‘അല്‍ ജസീറ’ ടെലിവിഷന്‍ ശൃംഖലയ്ക്ക് തുടക്കമിട്ടതും, ചരിത്രത്തിലിടം പിടിച്ച 2022-ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിന് ആതിഥേയത്വം വഹിക്കാന്‍ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു. തന്റെ 18 വര്‍ഷത്തെ ഭരണകാലത്ത് 2006-ലെ ഏഷ്യന്‍ ഗെയിംസ്, 2012-ലെ യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം എന്നിവയ്ക്കും വിവിധ രാജ്യാന്തര സമാധാന കരാറുകള്‍ക്കും (ദോഹ കരാര്‍, ഫതഹ്-ഹമാസ് ദോഹ കരാര്‍) ഖത്തറിനെ അദ്ദേഹം വേദിയാക്കി.

തന്റെ ദീര്‍ഘകാലത്തെ ഭരണത്തിന് ശേഷം 2013-ലാണ് അദ്ദേഹം ഭരണം തന്റെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് കൈമാറി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ഖത്തറിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ പ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് വിരാമമാകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!