ഓട്ടവ: കെബെക്കിലുണ്ടായ കാട്ടുതീയെത്തുടര്‍ന്ന് കാനഡയുടെ തലസ്ഥാന നഗരമായ ഓട്ടവ-ഗാറ്റിനോ മേഖലയിലും പരിസര പ്രദേശങ്ങളിലും എന്‍വയോണ്‍മെന്റ് കാനഡ വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാട്ടുതീയില്‍ നിന്നുയരുന്ന കനത്ത പുക വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനും കാഴ്ചപരിധി തടസ്സപ്പെടുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും ഔട്ട്ഡോര്‍ പരിപാടികള്‍ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്നും എന്‍വയോണ്‍മെന്റ് കാനഡ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ പുക കാരണം തലവേദന, നേരിയ ചുമ, ചെവി, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥതകള്‍ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ശ്വാസംമുട്ടല്‍, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.

ഓട്ടവയ്ക്ക് പുറമെ തെക്ക്-പടിഞ്ഞാറന്‍ മേഖലകളായ പെര്‍ത്ത്, റെന്‍ഫ്രൂ, ഷാര്ബോട്ട് ലേക്ക് എന്നിവിടങ്ങളിലും ഗാറ്റിനോയ്ക്ക് വടക്കുള്ള ചെല്‍സി, വാല്-ഡെസ്-മോണ്ട്സ്, മണിവാക്കി, മോണ്ട്-ലോറിയര്‍ തുടങ്ങിയ പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
