ഓട്ടവ: കാനഡയില്‍ സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. രണ്ട് വര്‍ഷം മുന്‍പ് ഫെഡറല്‍ പബ്ലിക് സര്‍വീസിലേക്ക് പത്തുലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത്, 2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അപേക്ഷകളുടെ എണ്ണം 30 ശതമാനത്തോളം കുറഞ്ഞു. തൊഴില്‍ അപേക്ഷകളില്‍ മാത്രമല്ല, സര്‍ക്കാര്‍ പുറപ്പെടുവിച്ച തൊഴില്‍ പരസ്യങ്ങളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അതേസമയം, വിരമിക്കലും രാജിവെക്കലും ഉള്‍പ്പെടെ പൊതുമേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയവരുടെ എണ്ണം 12 ശതമാനം വര്‍ധിച്ചു.
പബ്ലിക് സര്‍വീസിനുള്ളിലെ പ്രൊമോഷനുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. 2024-ല്‍ ഏതാണ്ട് 3,68,000 എന്ന ഉയര്‍ന്ന നിരക്കിലായിരുന്ന തസ്തികകളുടെ എണ്ണം, 2029 ഏപ്രിലോടെ 40,000 എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് 2025-ലെ ബഡ്ജറ്റില്‍ ലിബറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12,600-ലധികം തസ്തികകള്‍ ഇല്ലാതായി. ട്രഷറി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2025 മാര്‍ച്ചില്‍ 3,57,965 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2026 മാര്‍ച്ചില്‍ അത് 3,45,282 ആയി കുറഞ്ഞു. ഇതില്‍ പകുതിയോളം തസ്തികകള്‍ താല്‍ക്കാലിക, സ്റ്റുഡന്റ് കരാര്‍ നിയമനങ്ങളായിരുന്നു.

പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ വിപുലമായ ഒരു നേരത്തെ വിരമിക്കല്‍ പദ്ധതി (Early Retirement Program) ആവിഷ്കരിച്ചിട്ടുണ്ട്. അര്‍ഹതയുള്ള 68,000ത്തോളം ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിസംബറില്‍ കൈമാറിയിരുന്നു. കുറഞ്ഞത് 10 വര്‍ഷത്തെ സേവനവും 2 വര്‍ഷത്തെ പെന്ഷന് അര്‍ഹതയുമുള്ള 50 വയസ്സ് തികഞ്ഞ ജീവനക്കാര്‍ക്ക് ഇതിനായി അപേക്ഷിക്കാം. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍, നേരത്തെ വിരമിക്കുന്നതിനുള്ള യാതൊരു പിഴയുമില്ലാതെ സര്‍വീസ് കാലയളവ് അനുസരിച്ചുള്ള പെന്ഷന് ഉടനടി ലഭിക്കും.
ജൂലൈ 7 വരെയുള്ള കണക്കനുസരിച്ച് 8,235 പേര് ഈ പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ ആനുകൂല്യം സ്വീകരിക്കുന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും ഇതിനായി പ്രത്യേക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടില്ലെന്നും ട്രഷറി ബോര്‍ഡ് വക്താവ് റോള സലേം അറിയിച്ചു. അതേസമയം, രാജ്യത്തുടനീളമുള്ള തൊഴില്‍ വിപണിയില്‍ ജൂണ്‍ മാസത്തില്‍ 18,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും പാര്‍ട്ട് ടൈം, സ്വകാര്യ മേഖലകളിലാണ്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
