Sunday, July 12, 2026

ഫ്രേസര്‍ കാന്യോണില്‍ ഹൈവേ 1 വീണ്ടും തുറന്നു; കാട്ടുതീ ഇപ്പോഴും അനിയന്ത്രിതം

ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസര്‍ കാന്യോണ്‍ (Fraser Canyon) മേഖലയില്‍ അടച്ചിട്ടിരുന്ന ‘ഹൈവേ 1’ ശനിയാഴ്ച വീണ്ടും തുറന്നു. ബോസ്റ്റണ്‍ ബാറിന് സമീപം പടര്‍ന്നുപിടിച്ച ‘ബ്രണ്‍സ്വിക്ക് വൈല്‍ഡ്ഫയര്‍ കോംപ്ലക്‌സ്’ നിയന്ത്രണാതീതമായി മാറിയതിനെ തുടര്‍ന്ന് ജൂലൈ 7 മുതലാണ് ഈ പാത പൂര്‍ണ്ണമായും അടച്ചിട്ടിരുന്നത്. ഹൈവേ തുറന്നെങ്കിലും കടുത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം, താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ‘ബ്രണ്‍സ്വിക്ക് ക്രീക്ക്’ കാട്ടുതീ 28.36 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തും, കിഴക്ക് ഭാഗത്തുള്ള ‘ഐന്‍സ്ലി ക്രീക്ക്’ കാട്ടുതീ 158.47 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തും പടര്‍ന്നുപിടിച്ചിട്ടുണ്ട്. രണ്ട് കാട്ടുതീകളും ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇപ്പോഴും നിലവിലുണ്ട്.

നിലവില്‍ ഹൈവേയില്‍ ഇരുവശങ്ങളിലേക്കും ഓരോ വരി വീതം മാത്രമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുള്ളതെന്നും പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി നിജപ്പെടുത്തിയതായും ഡ്രൈവ് ബി.സി അറിയിച്ചു. കാട്ടുതീ പടരുന്ന മേഖലകളില്‍ യാതൊരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടുള്ളതല്ല. മുന്‍പ് പാത അടയ്ക്കുന്നതിന് മുന്‍പ് പലരും കാട്ടുതീയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനായി വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നുവെന്നും, അതിനാല്‍ യാത്രക്കാര്‍ ഒരിടത്തും നിര്‍ത്താതെ യാത്ര തുടരണമെന്നും ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് ഓഫീസര്‍ ജൂലിയ കാരന്‍സി വ്യക്തമാക്കി.

മേഖലയിലെ താപനിലയില്‍ വന്ന നേരിയ കുറവും ആകാശത്തെ മേഘാവൃതമായ അവസ്ഥയും മുതലെടുത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുത്തനെയുള്ള പര്‍വതനിരകളായതിനാല്‍ വ്യോമമാര്‍ഗ്ഗവും നേരിട്ടുമുള്ള ശക്തമായ പ്രതിരോധമാണ് അധികൃതര്‍ നടത്തുന്നത്.

തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ ശക്തമായ കാറ്റും ചൂടും വീണ്ടും വരാന്‍ സാധ്യതയുള്ളതിനാല്‍ ഈ വാരാന്ത്യത്തിലെ അനുകൂല കാലാവസ്ഥ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണ് സേനയുടെ തീരുമാനം. ഇടിമിന്നല്‍ മൂലമല്ലാതെ, മനുഷ്യരുടെ അശ്രദ്ധ കാരണമാണ് ഈ കാട്ടുതീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ബ്രിട്ടിഷ് കൊളംബിയയില്‍ 18 കാട്ടുതീകളാണ് സജീവമായിട്ടുള്ളത്, ഇതില്‍ നാലെണ്ണം പൂര്‍ണ്ണമായും നിയന്ത്രണാതീതമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!