Sunday, July 12, 2026

കാലാവസ്ഥ വ്യതിയാനം: കാനഡയില്‍ സാമ്പത്തിക ബാധ്യത ഉയരുന്നു

ഓട്ടവ: കാലാവസ്ഥ വ്യത്യാനം കനേഡിയന്‍ നഗരങ്ങളില്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. കനത്ത ചൂട് കാരണം ഹൈവേകളും റെയില്‍വേ ട്രാക്കുകളും തകരാറിലാകുന്ന പശ്ചാത്തലത്തില്‍, പൊതു അടിസ്ഥാനസൗകര്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ തക്കവണ്ണം നവീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ആഴ്ച ഒന്റാരിയോയിലെ ‘ഹൈവേ 402’ കടുത്ത ചൂടിനെ തുടര്‍ന്ന് വീണ്ടുകീറി. ഇതേതുടര്‍ന്ന് ഹൈവേ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ പാതയില്‍ ഇത്തരമൊരു പ്രതിഭാസമുണ്ടാകുന്നത്.

ചൂട് കൂടുമ്പോള്‍ ട്രാക്കുകള്‍ വളഞ്ഞുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഒന്റാരിയോയിലെ പ്രമുഖ ട്രെയിന്‍ സര്‍വീസായ ‘ഗോ ട്രാന്‍സിറ്റും’ തങ്ങളുടെ സര്‍വീസുകളുടെ വേഗത കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ താപനിലയെന്ന് കനേഡിയന്‍ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡാപ്‌റ്റേഷന്‍ ഡയറക്ടര്‍ റയന്‍ നെസ് വ്യക്തമാക്കുന്നു. റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍, കോണ്‍ക്രീറ്റ്, അസ്ഫാല്‍റ്റ് എന്നിവ കടുത്ത ചൂടില്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് വഴി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ‘പ്രിപ്പയര്‍ ഓര്‍ റിപ്പയര്‍’ (Prepare or Repair) എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ തക്കവണ്ണം മുന്‍കൂട്ടി നവീകരിക്കുകയാണെങ്കില്‍ കാനഡയ്ക്ക് പ്രതിവര്‍ഷം ശതകോടികള്‍ ലാഭിക്കാന്‍ സാധിക്കും. അടുത്ത 75 വര്‍ഷത്തേക്ക് നിലവിലെ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ശരാശരി 15.1 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, 4.1 ബില്യണ്‍ ഡോളര്‍ മുന്‍കൂട്ടി നിക്ഷേപിച്ച് റോഡുകളും പാലങ്ങളും കാലാവസ്ഥാ സൗഹൃദമാക്കുകയാണെങ്കില്‍, ഈ നഷ്ടം വെറും 2.5 ബില്യണ്‍ ഡോളറായി കുറയ്ക്കാനാകും. ഇതുവഴി കാനഡയ്ക്ക് പ്രതിവര്‍ഷം 8.6 ബില്യണ്‍ ഡോളര്‍ ലാഭിക്കാം.

സാമ്പത്തികമായി ഏറെ ചെലവുള്ളതും ചരക്കുനീക്കത്തിന് ഏറ്റവും പ്രധാനപ്പെട്ടതുമായ റോഡുകള്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ ആദ്യം മുന്‍ഗണന നല്‍കേണ്ടതെന്ന് റയന്‍ നെസ് ആവശ്യപ്പെടുന്നു. ചൂടിനെ പ്രതിരോധിക്കുന്ന അസ്ഫാല്‍റ്റ് (Heat-resistant asphalt) ഉപയോഗിച്ച് റോഡുകള്‍ റീ-ടാറിങ് ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍, കാനഡയിലെ റോഡുകളും പാലങ്ങളും ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് വരുമാന സ്രോതസ്സുകള്‍ കുറവുള്ള മുന്‍സിപ്പാലിറ്റികളായതിനാല്‍ അവര്‍ക്ക് കൂടുതല്‍ ഫണ്ടും പ്രത്യേക അധികാരങ്ങളും നല്‍കേണ്ടതുണ്ട്.

അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ കമ്മ്യൂണിറ്റി തലത്തിലും നിയമങ്ങളിലും മാറ്റങ്ങള്‍ വരണമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ശാസ്ത്രജ്ഞയായ അനബെല ബൊനാഡ ചൂണ്ടിക്കാണിക്കുന്നു. ഹെല്‍ത്ത് കാനഡയുടെ നിര്‍ദ്ദേശപ്രകാരം വീടുകള്‍ക്കുള്ളിലെ പരമാവധി താപനില 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്താന്‍ മുന്‍സിപ്പാലിറ്റികള്‍ കര്‍ശനമായ ബൈലാകള്‍ (bylaws) കൊണ്ടുവരണം. കൂടാതെ, നഗരങ്ങളില്‍ കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഏരിയകള്‍ കുറച്ച് കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് വഴി അന്തരീക്ഷ താപനില 2 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!