തെഹ്റാൻ: യുദ്ധത്തിലൂടെയോ അമേരിക്കൻ സൈനിക അധിനിവേശത്തിലൂടെയോ ഹോർമൂസ് കടലിടുക്ക് തുറക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം. ഇറാൻ ജനതയുടെ അവകാശങ്ങളെ മാനിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ തന്ത്രപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാകൂവെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ പറഞ്ഞു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിമിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ഊർജ വ്യാപാരത്തിൽ നിർണായക സ്ഥാനമുള്ള ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയിലും നിയന്ത്രണത്തിലും ഇറാൻ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിനായി ജീവൻ ബലികഴിച്ച നേതാക്കളുടെ ത്യാഗത്തിന് മറുപടി നൽകേണ്ട ഉത്തരവാദിത്വം സൈന്യത്തിനുണ്ടെന്നും അക്രാമിനിയ പറഞ്ഞു.
മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യവും ഇടപെടലുകളും സുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, നിലവിലുള്ള ധാരണകൾ ലംഘിച്ച് ഹോർമൂസ് കടലിടുക്കിന്റെ തെക്കുഭാഗത്തുകൂടി മറ്റൊരു കപ്പൽപ്പാത വികസിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതായും കുറ്റപ്പെടുത്തി. ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ സമുദ്രഗതാഗതത്തിന്റെ ഉത്തരവാദിത്വം ഇറാൻ സൈന്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന ശക്തമായ സന്ദേശമാണ് ഈ പ്രസ്താവനയിലൂടെ ഇറാൻ നൽകുന്നത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെയാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.അതേസമയം, ദക്ഷിണ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അഞ്ച് തവണ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ സ്ഫോടനങ്ങളിൽ ജനവാസ മേഖലകൾക്കോ വാണിജ്യ സ്ഥാപനങ്ങൾക്കോ നാശനഷ്ടമുണ്ടായതായോ ആളപായം സംഭവിച്ചതായോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹോർമുസ്ഗാൻ പ്രവിശ്യാ ഗവർണറേറ്റ് അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
