ടൊറന്റോ: എൽമിറ നഗരമധ്യത്തിലെ ആർതർ സ്ട്രീറ്റിന്റെ ദീർഘനാളായി കാത്തിരുന്ന നവീകരണ പദ്ധതിക്ക് തുടക്കമായി. ഏകദേശം 2.5 ദശലക്ഷം കനേഡിയൻ ഡോളർ ചെലവിൽ നടപ്പാക്കുന്ന ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ 2026 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
സൗത്ത് സ്ട്രീറ്റ് ഈസ്റ്റിൽ നിന്ന് ചർച്ച് സ്ട്രീറ്റ് വരെയുള്ള ഭാഗത്താണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുക. റോഡിന്റെ പുതിയ ടാറിംഗ്, നിലവിലെ നടപ്പാതകളുടെ പുനർനിർമാണം, പഴയ ഇഷ്ടിക പാകിയ ഭാഗങ്ങൾ നീക്കം ചെയ്യൽ, തെരുവുവിളക്കുകളുടെ നവീകരണം എന്നിവയാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ജോലികൾ.
അതേസമയം, സൈക്കിൾ പാതയുടെ നിർമാണവും ആർതർ സ്ട്രീറ്റ്–ചർച്ച് സ്ട്രീറ്റ് പ്രധാന ജങ്ഷന്റെ നവീകരണവും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ ഭാഗങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട പദ്ധതി 2028-ൽ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

നടപ്പാതകളുടെ നിർമാണം പുരോഗമിക്കുന്നതിനിടെ ആർതർ സ്ട്രീറ്റിലൂടെ വാഹനഗതാഗതം ഭാഗികമായി തുടരാൻ സൗകര്യമൊരുക്കുമെന്ന് വാട്ടർലൂ റീജൻ അറിയിച്ചു. പ്രദേശത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്നും നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ നടപ്പാതകളുടെ നിർമ്മാണം പൂർത്തിയായ ശേഷം റോഡിന്റെ ടാറിംഗ് പൂർത്തിയാക്കുന്നതിനായി സൗത്ത് സ്ട്രീറ്റ് ഈസ്റ്റിനും ചർച്ച് സ്ട്രീറ്റിനും ഇടയിലുള്ള ആർതർ സ്ട്രീറ്റിന്റെ ഭാഗം ഏകദേശം അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടും. ഈ കാലയളവിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
