കൊച്ചി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകളോ അഴിമതിക്കുള്ള തെളിവുകളോ കണ്ടെത്താനായില്ല. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രാഥമിക നടപടിക്രമങ്ങളും കരാർ ഒപ്പിടലും മാത്രമാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ തലത്തിൽ സാമ്പത്തിക ഇടപാടുകളോ നിർമാണ പ്രവർത്തനങ്ങളോ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ ഈ ഘട്ടത്തിൽ അഴിമതി നടന്നതായി സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വിലയിരുത്തി.
മുട്ടം സ്വദേശിയായ കോൺഗ്രസ് നേതാവ് ബേബി ജോസ് മണ്ടാനമാണ് മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ അഴിമതി നടന്നതായി പരാതി നൽകിയത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ദീർഘകാലത്തേക്ക് സ്വകാര്യ കമ്പനിക്ക് കുറഞ്ഞ തുകയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ഇതേ കമ്പനിക്ക് മറ്റ് പദ്ധതികളും നൽകിയിട്ടുണ്ടെന്നുമായിരുന്നു പരാതിയിലെ പ്രധാന ആരോപണങ്ങൾ.
പരാതി ലഭിച്ചതിനെ തുടർന്ന് പരാതിക്കാരൻ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ, കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.

ഇടുക്കി വിജിലൻസ് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ദക്ഷിണമേഖല വിജിലൻസ് എസ്‌പിയുടെ പരിഗണനയിലാണ്. തുടർന്ന് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ പരിശോധിക്കും. വിശദമായ അന്വേഷണം ആവശ്യമാണോ, കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.
അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന നിലപാടാണ് റോഷി അഗസ്റ്റിൻ സ്വീകരിച്ചിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ തെളിഞ്ഞാൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
