Thursday, July 16, 2026

വയോധികയുടെ സ്വർണമാല തന്ത്രപൂർവം കവർന്നു; സാക്ഷികളെ തേടി വൻകൂവർ പൊലീസ്

വൻകൂവർ: കാനഡയിലെ വൻകൂവറിൽ തന്ത്രപൂർവമായി വയോധികയുടെ സ്വർണമാല കവർന്ന് യുവതി. മോഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ തേടി വൻകൂവർ പൊലീസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഈസ്റ്റ് 11-ാം അവന്യൂവിനും വിക്ടോറിയ ഡ്രൈവിനും സമീപമാണ് സംഭവം.

കുടുംബാംഗങ്ങളെ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയെ അജ്ഞാത യുവതി സമീപിച്ചത്. വയോധികയെ കാണാൻ തന്റെ അമ്മയെപ്പോലെയാണെന്ന് പറഞ്ഞ് സൗഹൃദപരമായി സംസാരിച്ച യുവതി, അമ്മയുടെ ജന്മദിനമാണെന്ന് പറഞ്ഞ് പ്രായമായ സ്ത്രീയെ ആലിംഗനം ചെയ്യുകയായിരുന്നുവെന്ന് വൻകൂവർ പൊലീസ് അറിയിച്ചു.

ആലിംഗനം ചെയ്യുന്ന സമയത്ത് വയോധിക ധരിച്ചിരുന്ന സ്വർണമാല അഴിച്ചെടുത്ത പ്രതി, അതിന് പകരം മറ്റൊരു മാല ധരിപ്പിച്ചാണ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ഏകദേശം അരമണിക്കൂറിന് ശേഷമാണ് യഥാർഥ മാല നഷ്ടപ്പെട്ടതായി വയോധിക തിരിച്ചറിഞ്ഞത്.പ്രതിക്ക് ഏകദേശം 30 മുതൽ 35 വയസ്സ് വരെ പ്രായമുണ്ടാകുമെന്നും വട്ടമുഖവും ചെറിയ കറുത്ത മുടിയുമാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുണ്ട പച്ചനിറത്തിലുള്ള സെഡാൻ കാർ ഉപയോഗിച്ചതായും കണ്ടെത്തി. വാഹനം ഓടിച്ചിരുന്നത് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ചെറിയ കറുത്ത മുടിയുള്ള താടിയില്ലാത്ത പുരുഷനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രായമായ ബന്ധുക്കളുള്ളവർ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അവരെ ബോധവൽക്കരിക്കണമെന്ന് വൻകൂവർ പൊലീസ് നിർദേശിച്ചു.. വിലപിടിപ്പുള്ള ആഭരണങ്ങൾ വസ്ത്രത്തിനുള്ളിൽ മറച്ചുവയ്ക്കുകയും പരിചയമില്ലാത്ത ആളുകളെ അടുത്തിടപഴകാൻ അനുവദിക്കാതിരിക്കുകയും ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സംഭവസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നവരോ ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ പൊലീസിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!