പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളജിലെ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. മുണ്ടൂർ ഒമ്പതാംമൈൽ പ്രദേശത്താണ് അപകടം നടന്നത്.ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചുകയറിയത്.
അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്. പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മരണപ്പെട്ട മുഹമ്മദ് ഫർഹാന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

