Saturday, July 18, 2026

കാട്ടുതീ പ്രതിരോധത്തില്‍ വീഴ്ച; അതൃപ്തി രേഖപ്പെടുത്തി ഫസ്റ്റ് നേഷന്‍സ് മേധാവികള്‍

ഓട്ടവ: കാട്ടുതീയില്‍ നിന്ന് ദുരിതബാധിതരായ ഉള്‍നാടന്‍ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെ സഹായിക്കാന്‍ പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകള്‍ ഇടപെട്ടില്ലെന്ന് ഫസ്റ്റ് നേഷന്‍സ് മേധാവികള്‍. നോര്‍ത്തേണ്‍ ഒന്റാരിയോയിലെ 49 ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന നിഷ്‌നാവ്‌ബെ അസ്‌കി നേഷന്‍ ഗ്രാന്‍ഡ് ചീഫ് ആല്‍വിന്‍ ഫിഡ്ലര്‍, സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മന്ദഗതിയിലുള്ള പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചു. രണ്ട് ദിവസം മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും തങ്ങളുടെ ഒരു പ്രദേശത്തേക്ക് പോലും ഇതുവരെ ഒരു രക്ഷാപ്രവര്‍ത്തന വിമാനവും എത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി അടിയന്തരമായി സൈന്യത്തെയും വിമാനങ്ങളെയും വിന്യസിക്കാന്‍ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിനോടും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയോടും ചീഫ് ആല്‍വിന്‍ ഫിഡ്ലര്‍ ആവശ്യപ്പെട്ടു. കാട്ടുതീയില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൊളിന്‍സ് ഫസ്റ്റ് നേഷന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര ധനസഹായവും ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കണമെന്ന് അനിഷിനാബെക് നേഷന്‍ ഗ്രാന്‍ഡ് കൗണ്‍സില്‍ ചീഫ് ലിന്‍ഡ ഡിബാസിഗെയും മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാം കാട്ടുതീയില്‍ ചാരമായതായും അവര്‍ വ്യക്തമാക്കി.

വൈറ്റ്‌സാന്‍ഡ് ഫസ്റ്റ് നേഷന്‍ ചീഫ് ലോറന്‍സ് വാനകാമിക്കും ഒന്റാരിയോ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ വൈകിയുള്ള നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കാട്ടുതീ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സമയത്തിന് ലഭ്യമാക്കാത്തതില്‍ ജനങ്ങള്‍ വലിയ ആശങ്കയിലും ദേഷ്യത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കൊളിന്‍സ് ഫസ്റ്റ് നേഷന്‍ കമ്മ്യൂണിറ്റിയെ ഫെഡറല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാലാണ് ഇവിടേക്ക് യഥാസമയം സഹായം എത്താതിരുന്നതെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്റാരിയോ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുകയാണ് ഇത്തവണ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രവിശ്യാ സര്‍ക്കാരുമായി ചേര്‍ന്ന് ഉറപ്പാക്കുമെന്ന് ഫെഡറല്‍ ഇന്‍ഡിജീനസ് സര്‍വീസസ് മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!