ടൊറന്റോ: ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ (GTA) മന്ത്രാലയം ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മിഷിഗണിന് മുകളിലുള്ള തണുത്ത വായുപ്രവാഹമാണ് പ്രദേശത്തേക്ക് ശക്തമായ ഇടിമിന്നല്‍ എത്തിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കുന്ന ഇടിമിന്നലില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാനും, ആലിപ്പഴം വീഴാനും, 40 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടിമുഴക്കം കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ വീടുകള്‍ക്കുള്ളിലേക്ക് മാറണമെന്നും റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച പെയ്യുന്ന മഴയും ഇടിമിന്നലും അന്തരീക്ഷത്തിലെ പുകപടലങ്ങളെ താല്‍ക്കാലികമായി നീക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ, ശനിയാഴ്ച രാവിലെ ആഗോള വായുനിലവാര സൂചികയായ ‘ഐക്യുഎയര്‍’ (IQAir) കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ ഒന്നാമതെത്തിയിരുന്നു.
