ഓട്ടവ: ജാസ്പര്‍ നാഷണല്‍ പാര്‍ക്കില്‍ കാട്ടുപഴങ്ങളുടെ സീസണ് ആരംഭിച്ചതോടെ പ്രദേശത്ത് കരടികളുടെ സാന്നിധ്യവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി പാര്‍ക്ക്സ് കാനഡ. റോഡരികുകളിലും മലകയറ്റ പാതകളിലും ക്യാമ്പ് ഗ്രൗണ്ടുകളിലും സമൃദ്ധമായി വളരുന്ന പഴച്ചെടികള്‍ കരിങ്കരടികളെയും (Black bears) ഗ്രിസ്ലി കരടികളെയും (Grizzly bears) ആകര്‍ഷിക്കുന്നതിനാല്‍ സന്ദര്ശക്കര് ജാഗ്രത പാലിക്കണം.
കരടികളുടെയും പ്രധാന ആഹാരമാണ് കാട്ടുപഴങ്ങള്‍. ശൈത്യകാലത്തിന് മുന്നോടിയായി ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നതിനായി ഇവ വന്‍തോതില്‍ പഴങ്ങള്‍ ആഹാരമാക്കാറുണ്ട്. പാര്‍ക്സ് കാനഡയുടെ കണക്കുകള്‍ പ്രകാരം ഒരു ഗ്രിസ്ലി കരടിക്ക് ഒരു ദിവസം കൊണ്ട് ഏകദേശം 1,50,000 കാട്ടുപഴങ്ങള്‍ വരെ തിന്നുതീര്‍ക്കാന്‍ സാധിക്കും. കരടികള്‍ ഇത്തരത്തില്‍ തീറ്റ തേടുന്ന സമയങ്ങളില്‍ മനുഷ്യര്‍ അവയുടെ മുന്നില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വനപാതകളിലൂടെ നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കുക, കൂട്ടമായി മാത്രം യാത്ര ചെയ്യുക, ഓടുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുമ്പോള്‍ വേഗത കുറയ്ക്കുക, ഇയര്‍ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ കരടികളെ പ്രതിരോധിക്കാനുള്ള ‘ബെയര്‍ സ്പ്രേ’ (Bear spray) കൈയെത്തും ദൂരത്ത് കരുതാനും, കരടിയെ അപ്രതീക്ഷിതമായി മുന്നില്‍ കണ്ടാല്‍ പരിഭ്രാന്തരാകാതെ പതുക്കെ പിന്നോട്ട് മാറി ഓടാതെ രക്ഷപ്പെടാനും നിര്‍ദ്ദേശമുണ്ട്. ഏകദേശം 100 മുതല്‍ 120 വരെ ഗ്രിസ്ലി കരടികളുള്ള ജാസ്പര്‍ നാഷണല്‍ പാര്‍ക്കില്‍ ഇവയെ കാണുന്നവര്‍ ഉടന്‍ തന്നെ 780-852-6155 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
