ടൊറന്റോ: ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു. കാട്ടുതീയെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അഭയം തേടിയിരിക്കുന്ന തണ്ടര്‍ ബേ നഗരത്തിലാണ് പ്രകൃതിവിഭവ മന്ത്രി മൈക്ക് ഹാരിസിനൊപ്പം പ്രീമിയര്‍ ഇന്ന് സന്ദര്‍ശനം നടത്തുന്നത്.
നിലവില്‍ പ്രവിശ്യയിലുടനീളം ഇരുന്നൂറോളം കാട്ടുതീയാണ് ആളിപ്പടരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ആകെ നാശനഷ്ടങ്ങളേക്കാള്‍ വലിയ തോതില്‍ വനഭൂമി വിഴുങ്ങിക്കഴിഞ്ഞു. ദുരന്തം നേരിടാന്‍ 150-ലധികം ഫയര്‍ ക്രൂ അംഗങ്ങളെയും 80-ലധികം വാട്ടര്‍ ബോംബറുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി എത്ര പണം ചെലവഴിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും ഡഗ് ഫോര്‍ഡ് വ്യക്തമാക്കി.
അതേസമയം കാട്ടുതീ പ്രതിരോധത്തിനായി പ്രവിശ്യാ സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ട് കുറഞ്ഞുപോയെന്ന ആക്ഷേപമാണ് ഡഗ് ഫോര്‍ഡ് നേരിടുന്നത്. കൂടാതെ, വൈറ്റ്‌സാന്‍ഡ് ഫസ്റ്റ് നേഷന്‍, കൊളിന്‍സ് ഫസ്റ്റ് നേഷന്‍ എന്നീ രണ്ട് ഗോത്രവര്‍ഗ്ഗ മേഖലകളിലെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് മന്ത്രി മൈക്ക് ഹാരിസും കടുത്ത പ്രതിപക്ഷ വിമര്‍ശനം നേരിടുന്നുണ്ട്. സര്‍ക്കാരിന്റെ യാതൊരുവിധ സഹായവുമില്ലാതെ, സ്വന്തം നിലയ്ക്ക് ബോട്ടുകളിലാണ് കൊളിന്‍സ് ഫസ്റ്റ് നേഷന്‍ നിവാസികള്‍ തീ പടരുന്നതിനിടയിലൂടെ ജീവന്‍ രക്ഷാര്‍ത്ഥം രക്ഷപ്പെട്ടത്. എന്നാല്‍, തീ അതിവേഗം പടര്‍ന്നതിനാല്‍ തങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ മാത്രമാണ് കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് മന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്.

നിലവില്‍ അഞ്ഞൂറിലധികം വരുന്ന അഭയാര്‍ത്ഥികള്‍ തണ്ടര്‍ ബേയിലെ വിവിധ ഹോട്ടലുകളിലാണ് കഴിയുന്നത്. നഗരത്തിലെ ഹോട്ടലുകളെല്ലാം തന്നെ ഇപ്പോള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്ന് തണ്ടര്‍ ബേ ഫയര്‍ ചീഫ് ഡേവ് താരിനി പറഞ്ഞു. പ്രവിശ്യാ സര്‍ക്കാര്‍ തണ്ടര്‍ ബേ നഗരസഭയോട് ഔദ്യോഗികമായി അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, നിലവില്‍ ഗോത്രവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തിലും സ്വന്തം നിലയ്ക്കുമാണ് ആളുകള്‍ ഇവിടെ താമസം കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും മാരകമായ കാട്ടുതീ സീസണ്‍ കണ്ടിട്ടില്ലെന്നും, രാത്രികാലങ്ങളില്‍ പോലും തീ അതിവേഗം പടരുകയാണെന്നും ഫയര്‍ ചീഫ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഒന്‍പത് പുതിയ കാട്ടുതീ ബാധിത പ്രദേശങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ലാക് ഡെസ് മില്ലെ ലാക്‌സ് ഫസ്റ്റ് നേഷന് തെക്കായി 550 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പടരുന്ന കാട്ടുതീയെത്തുടര്‍ന്ന് ഇരുപത്തിയൊന്‍പതോളം ടൗണ്‍ഷിപ്പുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം (Evacuation alert) നല്‍കിയിട്ടുണ്ട്. ഏംസ്, ബ്ലാക്ക്വെല്‍, ഗോള്‍ഡി, ലാംപോര്‍ട്ട്, മിച്ചനര്‍, സാവന്നേ, ഉപസാല തുടങ്ങിയ നഗരങ്ങളിലെ താമസക്കാരോട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴിഞ്ഞുപോരാന്‍ തയ്യാറായിരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
