മസ്കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ, രാജ്യത്തിന്റെ വിവിധ തീരദേശ, മരുഭൂമി മേഖലകളിൽ രാവിലെ മുതൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ദുഖം, അൽ ജാസിർ, അൽ മുദൈബി, ബിദിയ, ജലാൻ ബനി ബൂ ഹസ്സൻ, ജലാൻ ബനി ബു അലി, മസീറ, ശാലിം, ഹല്ലാനിയാത്ത് ദ്വീപുകൾ, താഖ, മിർബാത്ത്, സദഹ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് മൂലം പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ നിലവിലുള്ള മഴ മുന്നറിയിപ്പ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ അവ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
