കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. പിരിച്ചുവിടലിന് ഇരയായ ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പള ആനുകൂല്യം നൽകാനും ഇതോടെ ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരം ലഭ്യമാക്കാനുമാണ് കമ്പനി സമ്മതിച്ചത്.
ഈ മാസം 26-നകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകിയതായി തൊഴിൽ മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് പുതിയ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും കമ്പനി കൈമാറുമെന്നും ചർച്ചയിൽ തീരുമാനമായി.
മറ്റ് സംസ്ഥാനങ്ങളിലെ ജോലികൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ജീവനക്കാർ അംഗീകരിച്ചില്ല. പകരം, കേരളത്തിനകത്തും മറ്റ് അനുയോജ്യമായ മേഖലകളിലും തൊഴിലവസരങ്ങൾ കണ്ടെത്താൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് ചർച്ചകൾ നടന്നതെന്നും തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തതായും മന്ത്രി പറഞ്ഞു. കേരളത്തിലെ തൊഴിൽ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തുടക്കം മുതൽ വിഷയത്തിൽ സജീവമായി ഇടപെട്ടതിന്റെ ഫലമായാണ് കമ്പനി അനുകൂല തീരുമാനം കൈക്കൊണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
കൊച്ചി, കോഴിക്കോട് ജില്ലകളിലായി പ്രവർത്തിച്ചിരുന്ന കോറോ ഹെൽത്തിലെ ഏകദേശം 900 ജീവനക്കാരെയാണ് മുൻകൂട്ടി അറിയിക്കാതെ കമ്പനി പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ ദിവസങ്ങളായി പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാരിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തിയത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ടെക് സ്ഥാപനമായ കോറോ ഹെൽത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തൊഴിലിട സാഹചര്യങ്ങളും കൂട്ടപ്പിരിച്ചുവിടലും സംബന്ധിച്ച് ജീവനക്കാർ ഉയർത്തിയ പരാതികൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
