Tuesday, July 21, 2026

വടക്കൻ ഒന്റാരിയോയിൽ കാട്ടുതീ രൂക്ഷം;ജനങ്ങളെ ഒഴിപ്പിക്കുന്നു; ജാഗ്രത തുടരണം

ടൊറന്റോ: വടക്കൻ ഒന്റാരിയോയിൽ കാട്ടുതീ പ്രതിസന്ധി രൂക്ഷമാകുന്നു. മേഖലയിൽ നിലവിൽ 200-ഓളം കാട്ടുതീകൾ സജീവമാണെന്നും ഇതിൽ 57 എണ്ണം നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത നിലയിലാണെന്നും അധികൃതർ അറിയിച്ചു.വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലാണ് ഭൂരിഭാഗം തീപിടിത്തങ്ങളും തുടരുന്നത്. ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം തീ അതിവേഗം പടരുന്നതിനാൽ, നിരവധി ഗോത്രഗ്രാമങ്ങളിൽ നിന്നും പാർപ്പിട മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇതിന്റെ ഭാഗമായുള്ള പുകപടലങ്ങൾ ടൊറന്റോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വായു മലിനീകരണം അതീവ അപകടകരമായ നിലയിലെത്തിച്ചിട്ടുണ്ട്.

കാട്ടുതീ ഭീഷണിയെ തുടർന്ന് നെസ്കന്റഗ ഫസ്റ്റ് നേഷൻ സമൂഹത്തിൽ നിന്ന് കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ നടപടി ആരംഭിച്ചു. ഇന്ന് വിമാന സർവീസിലൂടെ ആളുകളെ ടൊറന്റോയിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം, തണ്ടർ ബേ മേഖലയിൽ ഹോട്ടൽ സൗകര്യങ്ങൾ പരിമിതമായതിനാൽ ഒഴിപ്പിക്കപ്പെടുന്നവരുടെ താമസ സൗകര്യം ഒരുക്കുന്നതിലും വെല്ലുവിളികൾ നേരിടുന്നുണ്ട്.

വൈറ്റ്‌വാട്ടർ ലേക്ക് ഫസ്റ്റ് നേഷൻ മേഖലയിൽ കാട്ടുതീ വ്യാപക നാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ. നിരവധി വീടുകളും വ്യക്തിഗത വസ്തുക്കളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും നശിച്ചതായി അധികൃതർ അറിയിച്ചു.അതേസമയം ജനങ്ങളുടെ ജീവൻ, സ്വത്ത്, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ കൂടുതൽ കാട്ടുതീ വ്യാപനത്തിനും പുകമലിനീകരണം വർധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അടുത്തിടെ ലഭിച്ച മഴ ചില തീപിടിത്തങ്ങളുടെ തീവ്രത കുറച്ചിട്ടുണ്ടെങ്കിലും, സ്ഥിതി നിയന്ത്രണത്തിലാക്കാൻ തുടർച്ചയായ ശക്തമായ മഴ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!