കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശിയായ അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ജീവനക്കാരനും ഉൾപ്പെടുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ ജോയൻ.
യുക്രൈൻ നാവികസേനയുടെ വിവരങ്ങൾ പ്രകാരം, ഒഡേസ തുറമുഖത്തിന് സമീപം ധാന്യം കയറ്റി പോകുകയായിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന വിദേശ ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.കപ്പലിൽ ഇന്ത്യൻ, സിറിയൻ സ്വദേശികളായ നാവികരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട 10 പേരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണെന്ന് അധികൃതർ അറിയിച്ചു.കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ട് പേരെ യുക്രൈൻ നാവികസേന രക്ഷപ്പെടുത്തി. പരുക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഡേസ തുറമുഖത്ത് നിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചു.
തുർക്കി ഉടമസ്ഥതയിലുള്ളതും ഗിനിയ-ബിസാവു പതാകയുയർത്തിയതുമായ കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് കപ്പലിന്റെ പ്രവർത്തന നിയന്ത്രണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായ തീ അണച്ച ശേഷമാണ് രക്ഷാപ്രവർത്തകർ ജീവനക്കാരെ പുറത്തെടുത്തത്.സാധാരണക്കാരായ നാവികർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് സംഭവിച്ചതെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.ആക്രമണത്തെക്കുറിച്ച് റഷ്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.
