ഓട്ടവ: രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായതോടെ ഗോര്‍ഡി ഹൗ പാലം കരാര്‍ വിവരങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ജൂലൈ 27ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷമാണ് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇത് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മുമ്പ് നല്‍കിയ പ്രസ്താവനകള്‍ക്ക് തികച്ചും വിപരീതമാണ്.
പുതിയ കരാര്‍ പ്രകാരം ആദ്യ 15 വര്‍ഷത്തേക്ക് പാലത്തില്‍ നിന്നുള്ള നെറ്റ് റവന്യൂവിന്റെ (അറ്റ വരുമാനം) 50 ശതമാനം കാനഡ യു.എസുമായി പങ്കിടും. പാലത്തിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ കഴിച്ചുള്ള തുകയാണ് അറ്റ വരുമാനമായി കണക്കാക്കുക. എന്നാല്‍ പാലവുമായി ബന്ധപ്പെട്ട പലിശച്ചെലവുകളോ കടം തിരിച്ചടവോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത്, അറ്റ വരുമാനം യു.എസുമായി പങ്കിട്ട ശേഷമായിരിക്കും കാനഡ തങ്ങളുടെ കടം തിരിച്ചടയ്ക്കുക. എന്നാല്‍ ഇത് പ്രധാനമന്ത്രി കാര്‍ണി പറഞ്ഞ നിലപാടിന് വിരുദ്ധമാണ്. കടം വീട്ടിയ ശേഷമുള്ള വരുമാനം മാത്രമേ പങ്കിടൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാദം.

6.4 ബില്യണ്‍ ഡോളറിന്റെ നിര്‍മ്മാണച്ചെലവ് കാനഡ പൂര്‍ണ്ണമായി വഹിക്കുമെന്നും നിക്ഷേപം പൂര്‍ണ്ണമായി തിരിച്ചുപിടിക്കുന്നതുവരെ ടോള്‍ വരുമാനത്തിന്റെ 100 ശതമാനവും കാനഡ ശേഖരിക്കുമെന്നുമായിരുന്നു ആദ്യ കരാര്‍. അതിനുശേഷമേ ഇരുരാജ്യങ്ങളും വരുമാനം പങ്കിടൂ എന്ന വ്യവസ്ഥയിലാണ് ഇപ്പോള്‍ വലിയ മാറ്റം വന്നിരിക്കുന്നത്.
യു.എസിന് നല്‍കുന്ന ഈ ഫണ്ട് അവരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ്-കാനഡ ഇക്കണോമിക് ഡെവലപ്മെന്റ് ഫണ്ടിലേക്കായിരിക്കും പോകുന്നത്. കൂടാതെ, ആദ്യ 15 വര്‍ഷത്തിനിടയില്‍ ടോള്‍ നിരക്കില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനയോ കുറവോ വരുത്തണമെങ്കില്‍ കാനഡയ്ക്ക് യു.എസിന്റെ അനുമതി ആവശ്യമാണ്. ഈ കരാറിന്റെ നിയമപരവും സാമ്പത്തികവുമായ വ്യവസ്ഥകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
