ടൊറന്റോ: വടക്കന്‍ ഒന്റാരിയോയില്‍ നാശം വിതച്ച് കാട്ടുതീ പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12 പുതിയ ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നതോടെ, നിലവില്‍ 173 കാട്ടുതീകള്‍ സജീവമാണെന്ന് ഒന്റാരിയോ നാച്ചുറല്‍ റിസോഴ്സസ് മന്ത്രാലയം വെളിപ്പെടുത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ സീസണാണിത്. ഇതുവരെ 7,250 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമിയാണ് തീപിടിത്തത്തില്‍ ചാമ്പലായത്. പടര്‍ന്നുപിടിച്ച ഭൂരിഭാഗം കാട്ടുതീയും കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് 1,800-ലധികം ആളുകള്‍ക്ക് തങ്ങളുടെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടി വന്നു. ഒഴിപ്പിക്കപ്പെട്ട 13 ജനവാസ മേഖലകളില്‍ 12 എണ്ണവും ഫസ്റ്റ് നേഷന്‍സ് മേഖലകളാണ്.

അതേസമയം, പ്രവിശ്യാ സര്‍ക്കാരിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. കൃത്യസമയത്ത് ഒഴിപ്പിക്കല്‍ പിന്തുണ നല്‍കാതെ ജനങ്ങളെ ദുരിതത്തിലാക്കി എന്നാരോപിച്ച് ഒന്റാറിയോ സര്‍ക്കാരിന്റെ കാട്ടുതീ പ്രതികരണത്തെക്കുറിച്ച് പരസ്യ അന്വേഷണം വേണമെന്ന് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
എന്നാല്‍, കാട്ടുതീ പ്രതിരോധത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രതികരിച്ചു. ചില പ്രദേശങ്ങളില്‍ കാട്ടുതീ വളരെ വേഗത്തില്‍ പടര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ഫസ്റ്റ് നേഷന്‍സ് ഗ്രാമങ്ങള്‍ക്ക് തൊട്ടടുത്ത് എത്തിയപ്പോഴാണ് തീപടരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രവിശ്യാ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
