എഡ്മിന്റൻ: ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈൻ നിർമ്മിക്കാനുള്ള ആൽബർട്ട സർക്കാരിന്റെ നിർദേശം പരിഗണനയിൽ. നിലവിലുള്ള ട്രാൻസ് മൗണ്ടൻ പൈപ്പ്ലൈൻ ഇടനാഴിയുടെ ഭൂരിഭാഗം ഭാഗവും പിന്തുടരുന്ന പദ്ധതിയിൽ, ഹോപ്പിൽ നിന്ന് ഫ്രേസർ താഴ്വര വഴി ഡെൽറ്റയിലെ റോബർട്സ് ബാങ്ക് വരെ പുതിയ പാത നിർമിക്കാനാണ് നിർദേശം. എന്നാൽ ഭൂകമ്പസാധ്യത, പരിസ്ഥിതി ആശങ്കകൾ, തദ്ദേശീയ ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ അവകാശങ്ങൾ എന്നിവ പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പുതിയ പൈപ്പ്ലൈൻ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്. നിലവിലുള്ള പൈപ്പ്ലൈൻ ഇടനാഴി ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും സഹായിക്കുമെന്ന് ആൽബർട്ട സർക്കാർ വാദിക്കുന്നു.
എന്നാൽ നിർദിഷ്ട പാതയിലെ അവസാന ഭാഗമായ റോബർട്സ് ബാങ്ക് ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ്. ഇവിടെ ഇതിനകം കാനഡയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖത്തിന്റെ വികസന പദ്ധതി പുരോഗമിക്കുകയാണ്. ഇതേ പ്രദേശത്ത് എണ്ണ കയറ്റുമതി ടെർമിനൽ കൂടി വന്നാൽ സമുദ്ര ഗതാഗതം വർധിക്കുമെന്നും എണ്ണ ചോർച്ചയുടെ അപകടസാധ്യത കൂടുമെന്നും പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ഫ്രേസർ നദീമുഖത്തിനടുത്തുള്ള പ്രദേശത്തെ മണ്ണിന്റെ സ്വഭാവവും മറ്റൊരു പ്രധാന ആശങ്കയാണ്. ഭൂകമ്പമുണ്ടായാൽ മണ്ണ് ദ്രവാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ വലിയ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നത് സാങ്കേതികമായി സങ്കീർണമാണെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം സാഹചര്യത്തിൽ മണ്ണ് ബലപ്പെടുത്തുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നതിനും അധിക ചെലവ് വരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

റോബർട്സ് ബാങ്ക് പ്രദേശം പസഫിക് സാൽമൺ, കുടിയേറ്റ തീരപ്പക്ഷികൾ, ദക്ഷിണ റെസിഡന്റ് കില്ലർ തിമിംഗലങ്ങൾ എന്നിവയുടെ നിർണായക ആവാസവ്യവസ്ഥയാണ്. അതിനാൽ പുതിയ വ്യവസായ പദ്ധതികൾ പരിസ്ഥിതിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.
അതേസമയം, നിർദിഷ്ട പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങൾ നിരവധി ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ പരമ്പരാഗത ഭൂമിയുടെ ഭാഗമാണ്. പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷമേ നിലപാട് സ്വീകരിക്കൂവെന്ന് ചില തദ്ദേശീയ സമൂഹങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വികസനത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ ദേശീയതലത്തിൽ ലഭിച്ചാലും പരിസ്ഥിതി, സാംസ്കാരിക, ഉപജീവന മേഖലകളിലെ പ്രത്യാഘാതങ്ങൾ നേരിട്ട് പ്രാദേശിക ജനങ്ങൾക്കായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
പദ്ധതി കാനഡയുടെ മേജർ പ്രോജക്ട്സ് ഓഫീസ് (MPO) ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി അംഗീകരിച്ചാൽ അനുമതി നടപടികൾ വേഗത്തിലാകുമെങ്കിലും, പരിസ്ഥിതി സംരക്ഷണവും തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾ പദ്ധതിയുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
